ദില്ലി: കൊൽക്കത്ത-ദിയോഘർ വിമാന സർവീസ് ആരംഭിക്കുമെന്ന് അറിയിച്ച് ഇന്ത്യയിലെ മുൻനിര എയർലൈനായ ഇൻഡിഗോ. ശ്രാവണി മേളയ്ക്ക് മുന്നോടിയായാണ് കമ്പനിയുടെ അറിയിപ്പ്. 657 ഏക്കറിൽ, 401 കോടി രൂപ ചെലവിൽ നിർമിച്ച ദിയോഘർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കാനിരിക്കെയാണ് ഈ നീക്കം.
അടുത്ത ആഴ്ച മുതൽ ഉത്തരേന്ത്യയിൽ ശ്രാവണി മേളത്തിന് തുടക്കമാകും. ബാബ ബൈദ്യനാഥ് ക്ഷേത്രത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ ഈ സമയത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിയോഘർ സന്ദർശിക്കാൻ നിരവധി ഭക്തരാണ് എത്തിച്ചേരുക. ഇത് മുന്നിൽ കണ്ടാണ് ഇൻഡിഗോ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
എയർബസ് എ 320 വിമാനങ്ങളുടെ ലാൻഡിംഗും ടേക്ക് ഓഫും കൈകാര്യം ചെയ്യാൻ കഴിയുന്ന 2,500 മീറ്റർ നീളമുള്ള റൺവേയാണ് പുതിയ ദിയോഘർ വിമാനത്താവളത്തിന് ഉള്ളത്, കൂടാതെ 5,130 ചതുരശ്ര അടി ടെർമിനൽ കെട്ടിടവും ആറ് ചെക്ക്-ഇൻ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.
ആഴ്ചയിൽ നാല് ദിവസം ആയിരിക്കും കൊൽക്കത്ത-ദിയോഘർ സർവീസുകൾ ഉണ്ടാകുക. ഇൻഡിഗോയുടെ 74-ാമത്തെ ലക്ഷ്യസ്ഥാനമായി ദിയോഘറിനെ പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് ഇൻഡിഗോ ചീഫ് സ്ട്രാറ്റജിയും റവന്യൂ ഓഫീസറുമായ സഞ്ജയ് കുമാർ പറഞ്ഞു. ഈ പുതിയ വിമാനങ്ങൾ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും കൊൽക്കത്തയ്ക്കും ദിയോഘറിനും ഇടയിലുള്ള ഗതാഗത സമയം 7.5 മണിക്കൂറിൽ നിന്ന് 1.25 മണിക്കൂറിൽ താഴെയായി കുറയ്ക്കുകയും ചെയ്യും. ജൂലൈ 12 മുതൽ, ചൊവ്വ, വ്യാഴം, ശനി, ഞായർ എന്നിങ്ങനെ ആഴ്ചയിൽ നാല് ദിവസം വിമാനങ്ങൾ പ്രവർത്തിക്കും. കൊൽക്കത്തയിൽ നിന്ന് ഉച്ചയ്ക്ക് 2.55ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 16.15ന് ദിയോഘറിലെത്തും. തിരിച്ചുള്ള വിമാനം വൈകുന്നേരം 4.35 ന് പുറപ്പെടും.
ബാബ ബൈദ്യനാഥ് ക്ഷേത്രം, ത്രികുട പർവ്വതം, രാമകൃഷ്ണ മിഷൻ വിദ്യാപീഠം, നൗലഖ മന്ദിർ എന്നിങ്ങനെയുള്ള സ്ഥലങ്ങൾ സന്ദർശിക്കാൻ എത്തുന്നവർക്ക് ദിയോഘറിലേക്കുള്ള വിമാന സർവീസ് ഉപകാരപ്പെടും. ഇത് ഈ പ്രദേശത്തെക്കുള്ള വിനോദസഞ്ചാരത്തെയും വർധിപ്പിക്കും.മാത്രമല്ല, ജാർഖണ്ഡിലെ ഗിരിദിഹ്, ജാസിദിഹ്, മധുപൂർ, ദുംക എന്നിവിടങ്ങളിൽ നിന്നും ബിഹാറിലെ ഭഗൽപൂർ, മുൻഗർ, ബങ്ക, ജമുയി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കൊൽക്കത്തയിലേക്കുള്ള പ്രവേശനം ദിയോഘറിലൂടെയായിരിക്കും.