ന്യൂഡൽഹി : രാജ്യത്തു ടെലികോം മേഖലയിലെ മത്സരത്തിന് ആവേശം കൂട്ടാൻ ഗൗതം അദാനിയും. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയ്ക്കും സുനിൽ മിത്തലിന്റെ എയർടെല്ലിനും ഉൾപ്പെടെ ഭീഷണിയുയർത്തി അപ്രതീക്ഷിതമായാണ് അദാനി ഗ്രൂപ്പിന്റെ വരവ്. 5ജി സ്പെക്ട്രം ലേലത്തിൽ അദാനി ഗ്രൂപ്പ് പങ്കെടുക്കുമെന്നാണു റിപ്പോർട്ട്.
ജൂലൈ 26നു നടക്കാനിരിക്കുന്ന സ്‌പെക്ട്രം ലേലത്തിൽ പങ്കെടുക്കാൻ അദാനി ഗ്രൂപ്പ് അപേക്ഷ നൽകിയതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. അതിവേഗ ഇന്റർനെറ്റ് വാഗ്ദാനം ചെയ്യുന്ന 5ജി മേഖലയിൽ കടുത്ത മത്സരം കാഴ്ച വയ്ക്കുകയാണ് അദാനിയുടെ ലക്ഷ്യമെന്നാണു നിഗമനം. ജിയോ, എയർടെൽ, വൊഡഫോൺ ഐഡിയ എന്നീ സ്വകാര്യ കമ്പനികളും ലേലത്തിൽ പങ്കെടുക്കുമെന്നാണു വിവരം.
ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം അദാനി ഗ്രൂപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ലേല നടപടികളുടെ ഭാഗമായി പങ്കെടുക്കുന്നവരുടെ പേരുകൾ ജൂലൈ 12ന് പ്രസിദ്ധീകരിക്കും. അപ്പോൾ മാത്രമേ പങ്കെടുക്കുന്നവരെപ്പറ്റി കൃത്യമായി അറിയാനാകൂ എന്നും റിപ്പോർട്ടിൽ പറയുന്നു. ഗുജറാത്തിൽനിന്നും ലോകമാകെ പടർന്ന ബിസിനസുകാരാണ് അംബാനിയും അദാനിയും. രണ്ടു പേരുടെയും ബിസിനസ് സാമ്രാജ്യം വളരുകയാണെങ്കിലും നേരിട്ടുള്ള മത്സരം ഇതുവരെയുണ്ടായിട്ടില്ല.
4.3 ലക്ഷം കോടി രൂപ വിലവരുന്ന 72,097.85 മെഗാഹെട്സ് സ്‌പെക്ട്രം ആണ് ലേലം ചെയ്യുന്നത്. ലേലത്തില്‍ പിടിക്കുന്നവര്‍ക്ക് കാലപരിധി 20 വര്‍ഷമായിരിക്കും. 600 മെഗാഹെട്‌സ്, 700 മെഗാഹെട്‌സ്, 800 മെഗാഹെട്‌സ്, 900 മെഗാഹെട്‌സ്, 1800 മെഗാഹെട്‌സ്, 2100 മെഗാഹെട്‌സ്, 2300 മെഗാഹെട്‌സ്, 3300 മെഗാഹെട്‌സ്, 26 ഗിഗാഹെട്‌സ് ബാന്‍ഡ് ഫ്രീക്വന്‍സികളില്‍ ആയിരിക്കും ലേലം നടക്കുക. നിലവില്‍ ലഭ്യമായ 4ജി സേവനങ്ങളെക്കാള്‍ 10 മടങ്ങ് അധിക വേഗത്തില്‍ വരെ ഡേറ്റ നല്‍കാന്‍ 5ജിക്കു സാധിച്ചേക്കുമെന്നു കരുതുന്നു.