തിരുവനന്തപുരം: എ.കെ.ജി സെന്‍ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ പ്രതിയിലേക്കെത്താൻ സഹായിക്കുന്ന ദൃശ്യങ്ങളോ തെളിവുകളോ കണ്ടെത്താനാകാതെ അന്വേഷണ സംഘം. ആക്രമണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും അന്വേഷണത്തിൽ പുരോഗതിയുണ്ടായിട്ടില്ല. മേഖലയിലെ നൂറിലേറെ സി.സി.ടി.വി ദൃശ്യങ്ങളാണ് അന്വേഷണ സംഘം പരിശോധിച്ചത്.സി.സി.ടി.വി ദൃശ്യങ്ങൾ വിശദ പരിശോധനക്കായി സിഡാകിന് കൈമാറിയിരിക്കുകയാണ്. വീടുകളിൽ നിന്നുള്ളവയാണ് കൂടുതൽ ദൃശ്യങ്ങളും എന്നതിനാൽ വ്യക്തത പലതിലും കുറവാണ്. ദൃശ്യങ്ങൾക്ക് വ്യക്തത വരുത്താനായാണ് സിഡാകിന് കൈമാറിയത്.
പ്രതി സഞ്ചരിച്ചത് ഹോണ്ട ഡിയോ മോഡൽ സ്കൂട്ടറിലാണെന്നാണ് പൊലീസ് കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ ഈ മോഡൽ വാഹനങ്ങളെല്ലാം പരിശോധിക്കുകയാണ്. 350ൽ അധികം സ്കൂട്ടറുകൾ ഇതിനകം കണ്ടെത്തി. സംശയം തോന്നിയ വാഹന ഉടമകളെ വിളിച്ച് ചോദ്യം ചെയ്‌തിട്ടുണ്ട്. ഈ മോഡലിൽ രണ്ടായിരത്തോളം വാഹനങ്ങൾ വിൽപ്പന നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
മൊബൈൽ ടവർ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. രണ്ട് ഡിവൈ.എസ്.പിമാർ ഉൾപ്പെടുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ചിട്ടും ഇതേവരെ പ്രതിയെ പിടികൂടാത്തത് പൊലീസിനും സർക്കാറിനും വലിയ നാണക്കേടായിട്ടുണ്ട്. പ്രതിപക്ഷവും ഇത് ആയുധമാക്കുന്നുണ്ട്.
എ.കെ.ജി സെന്ററിലേക്കെറിഞ്ഞത് ഏറുപടക്കത്തിന് സമാനമായ സ്‌ഫോടകവസ്തുവെന്നാണ് ഫോറൻസിക് പ്രാഥമിക റിപ്പോർട്ടിലെ വിവരം. സ്ഫോടന ശേഷി കൂട്ടുന്ന രാസവസ്തുക്കളുടെ സാന്നിധ്യമില്ലെന്നും വ്യക്തമാക്കുന്ന റിപ്പോർട്ട് പൊലീസിന് കൈമാറിയിട്ടുണ്ട്. പൊട്ടാസ്യം ക്ലോറൈറ്റ്, നൈട്രേറ്റ്, തുടങ്ങിയവയുടെ സാന്നിധ്യമാണ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്. അതുകൊണ്ട് തന്നെ ഏറുപടക്കം പോലെ പെട്ടന്ന് പൊട്ടുന്ന മാതൃകയിലുള്ള വസ്തുവാണ് എറിഞ്ഞതെന്നും സ്ഥലത്ത് നടന്നത് ബോംബ് സ്‌ഫോടനമല്ല എന്നതുമാണ് പ്രാഥമിക കണ്ടെത്തൽ.