അണ്ടര്‍ 19 ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യക്കെതിരെ അഫ്ഗാനിസ്ഥാന് മികച്ച സ്‌കോര്‍. ടോസ് നഷ്ടമായി ബാറ്റിംഗിനിരങ്ങിയ അഫ്ഗാന്‍ നിശ്ചിത 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സാണ് നേടിയത്. പുറത്താവാതെ 86 റണ്‍സെടുത്ത ഇജാസ് അഹ്‌മദ് അഹ്‌മദ്‌സായ് ആണ് അഫ്ഗാന്റെ ടോപ്പ് സ്‌കോറര്‍. ക്യാപ്റ്റന്‍ സുലിമാന്‍ സാഫി 73 റണ്‍സെടുത്ത് പുറത്തായി. വളരെ സാവധാനത്തിലാണ് അഫ്ഗാനിസ്ഥാന്‍ ഇന്നിംഗ്‌സ് ആരംഭിച്ചത്. ഓപ്പണര്‍ സുലൈമാന്‍ അറബ്‌സായ് 11ആം ഓവറില്‍ 18 റണ്‍സെടുത്ത് മടങ്ങുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 38 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. മുഹമ്മദ് ഇഷാഖ് (19), അള്ളാ നൂര്‍ (26) എന്നിവരും വേഗം മടങ്ങിയതോടെ അഫ്ഗാന്‍ പതറി. 28.4 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെന്ന നിലയില്‍ തകര്‍ച്ച മുന്നില്‍ കണ്ട അഫ്ഗാനെ ക്യാപ്റ്റന്‍ സുലിമാന്‍ സാഫിയും ഇജാസ് അഹ്‌മദ് അഹ്‌മദ്‌സായും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 88 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. ഇരുവരും ഫിഫ്റ്റിയടിച്ചു. 46ആം ഓവറില്‍ സുലിമാന്‍ പുറത്തായതോടെ ഈ കൂട്ടുകെട്ട് തകര്‍ന്നു.
തുടര്‍ന്ന് അഞ്ചാം വിക്കറ്റില്‍ അഹ്‌മദ്‌സായ്- ഖൈബല്‍ വാലി സഖ്യവും നന്നായി ബാറ്റ് വീശി. അവസാന ഓവറുകളില്‍ തുടര്‍ ബൗണ്ടറികളിലൂടെ സ്‌കോര്‍ ഉയര്‍ത്തിയ സഖ്യം അഫ്ഗാനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. അവസാന ഓവറില്‍ മാത്രം 3 സിക്‌സറും ഒരു ബൗണ്ടറിയും സഹിതം 27 റണ്‍സെടുത്ത അഫ്ഗാന്‍ അവസാന അഞ്ച് ഓവറില്‍ 70 റണ്‍സാണ് അടിച്ചുകൂട്ടിയത്. 68 പന്തില്‍ ഒരു ബൗണ്ടറിയും ഏഴ് സിക്‌സറും സഹിതം 86 റണ്‍സെടുത്ത അഹ്‌മദ്‌സായും 12 പന്തില്‍ 20 റണ്‍സെടുത്ത ഖൈബര്‍ വാലിയും പുറത്താവാതെ നിന്നു. അപരാജിതമായ 70 റണ്‍സിനാണ് സഖ്യം പങ്കാളി ആയത്.