കശ്മീര്‍ : അമർനാഥിലെ പ്രളയത്തിൽ കാണാതായവർക്കായുള്ള രക്ഷാ സംഘത്തിൻ്റെ തെരച്ചിൽ തുടരുന്നു. കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടില്ലെന്ന് സൈന്യം അറിയിച്ചു. തെരച്ചിലിന് വാൾ റഡാറും ഉപയോഗിക്കുന്നുണ്ടെന്ന് അറിയിച്ച സേന, ബേസ് ക്യാമ്പിന് മുകളിലേക്ക് തീർത്ഥാടകർക്ക് പ്രവേശനമില്ലെന്നും പറഞ്ഞു.
അമർനാഥ് പ്രളയത്തിൽ കാണാതായവർക്കായുള്ള തെരച്ചിലിനായി ഡ്രോണുകളും ഹെലികോപ്റ്ററുകളും മറ്റ് സാങ്കേതിക സംവിധാനങ്ങളും അടക്കം നിയോഗിച്ചിട്ടുണ്ട്. പരിക്കേറ്റ 109 പേരെയാണ് വ്യോമ മാർഗം രക്ഷപ്പെടുത്തിയത്. അപകടത്തെക്കുറിച്ചും രക്ഷാപ്രവർത്തനത്തെക്കുറിച്ചും വിലയിരുത്താനായി ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ഇന്നലെ യോഗം വിളിച്ചിരുന്നു. 16 പേരുടെ മരണമാണ് അപകടത്തിൽ ഇതുവരെ സ്ഥിരീകരിച്ചത്. കാണാതായ 41 പേരിൽ ചിലരെ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ ഹിമാചലിലെ കുളുവിലും കനത്ത മഴയെ തുടർന്ന് വെള്ളം പൊങ്ങിയിട്ടുണ്ട്.
കൊവിഡ് കാലത്ത് നിർത്തിവെച്ച അമർനാഥ് തീർത്ഥാടന യാത്ര ഈ ജൂൺ 30നാണ് ആരംഭിച്ചത്. മേഘ വിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ അകപ്പെട്ടതിൽ ഏറെയും തീർത്ഥാടകരാണ്. ക്ഷേത്രത്തില്‍ തീർത്ഥാടനം നടക്കുമ്പോഴായിരുന്നു മേഘവിസ്ഫോടനവും പിന്നാലെ പ്രളയവും ഉണ്ടായത്.
മേഘവിസ്ഫോടനത്തില്‍ മൂന്ന് ഭക്ഷണശാലകളും 25 ടെന്‍റുകളും പ്രളയത്തില്‍ തകർന്നതാണ് ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടിയത്. അപകടത്തെ കുറിച്ച് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ലെഫ്റ്റനന്‍റ് ഗവർണറില്‍ നിന്ന് വിവരങ്ങള്‍ തേടി. സാധ്യമായ എല്ലാ സജ്ജീകരണങ്ങളും രക്ഷാപ്രവർത്തനത്തിനായി ഒരുക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച പ്രധാനമന്ത്രി എല്ലാ സഹായവും വാഗ്ദാനം ചെയ്തു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്നും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും നരേന്ദ്രമോദി ട്വിറ്ററിലൂടെ അറിയിച്ചു.