തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഗോൾവൾക്കർ പരാമർശത്തിൽ ആർഎസ്എസ് നിയമനടപടിക്കൊരുങ്ങുന്നു. സതീശൻ പരാമർശം പിൻവലിക്കാത്ത സാഹചര്യത്തിലാണ് നടപടി. പ്രതിപക്ഷ നേതാവിന് വൈകാതെ വക്കീൽ നോട്ടീസ് അയക്കും. മുൻ മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശം എം.എസ്.ഗോൾവാൾക്കറിന്റെ വിചാരധാരയിൽ ഉണ്ടെന്നായിരുന്നു വി.ഡി.സതീശന്റെ പരാമർശം. പ്രസ്താവനയിൽ മാപ്പു പറയണം എന്നാവശ്യപ്പെട്ട് ആർഎസ്എസ് വി.ഡി.സതീശന് നോട്ടീസ് നൽകിയെങ്കിലും അവജ്ഞയോടെ തള്ളുന്നുവെന്നായിരുന്നു സതീശന്റെ പ്രതികരണം.
ആർഎസ്എസ് പ്രാന്ത സംഘചാലക് കെ.കെ. ബലറാം അയച്ച നോട്ടീസ് വിചിത്രമാണ്. ആർഎസ്എസിന്റെ ഭരണഘടനയോടുള്ള സമീപനമാണ് ഗോൾവാൾക്കർ പറഞ്ഞിരിക്കുന്നത്. സജി ചെറിയാനും ഇതു തന്നെയാണ് പറഞ്ഞത്. വിചാരധാരയിൽ പറഞ്ഞിരിക്കുന്നതും സജി ചെറിയാന്റെ പരാമർശവും ഒന്നുതന്നെയാണ്. വിചാരധാരയിലെ 350-ാം പേജിലാണ് ഇത് സൂചിപ്പിക്കുന്നതെന്നും വി.ഡി.സതീശൻ പറഞ്ഞു.
പ്രസ്താവന തിരുത്തി 24 മണിക്കൂറിനകം മാപ്പ് പറയാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയായിരുന്നു ഇന്നലെ നോട്ടീസ് അയച്ചത്. ആർഎസ്എസിന്റെ സ്ഥാപക ആചാര്യനായ ഗോൾവാൾക്കറുടെ ‘ബഞ്ച് ഓഫ് തോട്ട്‌സ്’ എന്ന പുസ്തകത്തിലെ വാചകങ്ങളാണ് സജി ചെറിയാൻ കടമെടുത്തതെന്നായിരുന്നു വി.ഡി.സതീശന്റെ ആക്ഷേപം. ആർഎസ്എസ് പ്രാന്ത സംഘചാലക് കെ.കെ. ബലറാമാണ് സതീശന് നോട്ടീസ് അയച്ചത്.
ബഞ്ച് ഓഫ് തോട്ട്‌സ് എന്ന പുസ്‌കത്തിൽ സജി ചെറിയാൻ പറഞ്ഞ അതേവാക്കുകൾ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവന. സജി ചെറിയാൻ പറഞ്ഞ വാക്കുകൾ ഗോൾവാൾക്കറുടെ ബഞ്ച് ഓഫ് തോട്ട്‌സിൽ ഇല്ലെന്നാണ് ആർഎസ്എസ് നോട്ടീസിൽ പറയുന്നത്. ബഞ്ച് ഓഫ് തോട്ട്‌സിൽ എവിടെയാണ് സജി ചെറിയാൻ പറഞ്ഞ അതേ വാക്കുകളുള്ളതെന്ന് സതീശൻ വ്യക്തമാക്കണം. അതിന് കഴിയില്ലെങ്കിൽ പ്രസ്താവന പിൻവലിച്ചേ മതിയാകൂ. ഇല്ലെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകിയെങ്കിലും അത് തള്ളുന്ന നിലപാടാണ് വി.ഡി.സതീശൻ സ്വീകരിച്ചത്. ഇതേതുടർന്നാണ് നിയമനടപടികളുമായി മുന്നോട്ട് പോകാൻ ആർഎസ്എസ് തീരുമാനിച്ചത്.