ദില്ലി : ഉദയ്പൂർ കൊലപാതകത്തെ മുസ്ലീം സമുദായം ഒന്നടങ്കം അപലപിക്കണമെന്ന് ആര്‍എസ്എസ്. ചിലര്‍ മാത്രമാണ് അപലപിച്ച് കാണുന്നത്. പരിഷ്കൃത സമൂഹം ഇത്തരം ചെയ്തികളെ അംഗീകരിക്കില്ല. ആവിഷ്ക്കാര സ്വാതന്ത്ര്യം കരുതലോടെ വിനിയോഗിക്കുന്നമെന്ന് കാളി ഡോക്യുമെന്‍ററി വിവാദത്തോടും ആർ എസ് എസ് പ്രചാരണ വിഭാഗം മേധാവി സുനിൽ അമ്പേകർ പ്രതികരിച്ചു.
നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ ദേശീയ വക്താവ് നൂപുർ ശർമയെ പിന്തുണച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട 48കാരനായ കനയ്യ ലാലാണ് കഴിഞ്ഞ ദിവസം ക്രൂരമായി കൊല്ലപ്പെട്ടത്. കനയ്യ ലാലിനെ അദ്ദേഹത്തിന്റെ തയ്യൽ കടയിൽ വെച്ച് കഴുത്തറുത്ത് കൊലപ്പടുത്തുകയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇസ്ലാമിനെ അപമാനിച്ചതിനുള്ള പ്രതികാരമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള മുന്നറിയിപ്പാണെന്നും പ്രതികൾ പറഞ്ഞിരുന്നു. കുറ്റകൃത്യം ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഭവത്തില്‍ പ്രതികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കേസിലെ പ്രതികളായ ഗോസ് മുഹമ്മദ്, റിയാസ് അക്തരി എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. കോൺഗ്രസ് സോഷ്യൽ മീഡിയ കോർഡിനേറ്റർ നിതിൻ അഗർവാളാണ് ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഇരുചക്രവാഹനത്തിൽ ഹെൽമറ്റ് ധരിച്ച്. മുഖം മറച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.