മസ്‌കത്ത് : ഒമാനില്‍ ഇതുവരെ കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം 16 പേരില്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. രാജ്യത്ത് ഒമിക്രോണ്‍ സംശയിക്കപ്പെടുന്ന 90 പേര്‍ കൂടി ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസ് സര്‍വൈലന്‍സ് ആന്റ് കണ്‍ട്രോള്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ. സൈഫ് ബിന്‍ സലീം അല്‍ അബ്‌രി പറഞ്ഞു. തിങ്കളാഴ്ച ഒമാന്‍ സുപ്രീം കമ്മിറ്റിയുടെ വാര്‍ത്താ സമ്മേളനത്തില്‍ വെച്ചാണ് രാജ്യത്തെ ഇപ്പോഴത്തെ ഒമിക്രോണ്‍ സാഹചര്യം അധികൃതര്‍ വിശദമാക്കിയത്. രോഗബാധ സംശയിക്കപ്പെടുന്നവരുടെ സാമ്പിളുകള്‍ ജെനിറ്റിങ് സീക്വന്‍സിങ് പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം രോഗം ഒമിക്രോണ്‍ സ്ഥിരീകരിച്ചവരെല്ലാം വാക്‌സിനെടുത്തവരാണ്. എല്ലാവരും നല്ല ആരോഗ്യ സ്ഥിതിയിലാണുള്ളത്. ഇവര്‍ക്ക് വളരെ നിസാരമായ രോഗ ലക്ഷണങ്ങള്‍ മാത്രമേ ഉള്ളൂവെന്നും അത് ഏറെ ആശ്വാസകരമാണെന്നും ഡോ. സൈഫ് ബിന്‍ സലീം അല്‍ അബ്‌രി പറഞ്ഞു.