കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയാണെന്നും പൊലീസ് വ്യാജ തെളിവുകളുണ്ടാക്കുകയായിരുന്നുവെന്നുമുള്ള മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ പരാമർശം വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെയുള്ള മുൻ ജയിൽ ഡിജിപിയുടെ പരാമർശത്തിൽ അന്വേഷണ സംഘവും ഞെട്ടലിലാണ്. ദിലീപിനെ വെള്ള പൂശാനുള്ള ശ്രമമാണ് ശ്രീലേഖ നടത്തുന്നതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. അതിനിടെ ശ്രീലേഖക്കെതിരെ പ്രോസിക്യൂഷൻ കോടതിയലക്ഷ്യ നടപടികളും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
എന്നാൽ വിഷയം വിവാദമായപ്പോഴും ഇനി കൂടുതൽ സംസാരിക്കാനോ പരസ്യ പ്രതികരണത്തിനോ ഇല്ലെന്ന നിലപാടിലാണ് ആർ.ശ്രീലേഖ. പറയേണ്ടതെല്ലാം തന്റെ യൂട്യൂബ് വീഡിയോയിൽ പറഞ്ഞുവെന്നും ഇപ്പോൾ ഉണ്ടാക്കുന്ന വിവാദങ്ങൾ പ്രതീക്ഷിച്ചത് തന്നെയാണെന്നും ശ്രീലേഖ വിശദീകരിക്കുന്നു. വിചാരണ നടപടികൾ അവസാനിച്ചതുകൊണ്ടും തന്റെ ചാനലിന്റെ 75 എപ്പിസോഡായതു കൊണ്ടുമാണ് ഈ വിഷയം തെരെഞ്ഞെടുത്തത്. പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ തന്നെ പ്രതിഭാഗത്തിന് സാക്ഷിയാക്കാൻ കഴിയില്ല. നിയമം അറിയാത്തവരാണ് ഇങ്ങനെ പറയുന്നതെന്നും ശ്രീലേഖ വിശദീകരിച്ചു.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധി ആണെന്നാണ് മുൻ ജയിൽ മേധാവി ആർ ശ്രീലേഖ സ്വന്തം യു ട്യൂബ് ചാനൽ വഴി പ്രതികരിച്ചത്. ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് ശ്രീലേഖ ഐപിഎസിന്റെ ആരോപണം. പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണ്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ ഫോട്ടോ ഷോപ്പ് ചെയ്തതാണ്. അക്കാര്യം പൊലീസുകാർ തന്നെ സമ്മതിച്ചതാണെന്നും തെളിവ് വേണ്ടിയുണ്ടാക്കിയതാണെന്നാണ് പറഞ്ഞതെന്നും ശ്രീലേഖ പറയുന്നു. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ദിലീപിനെ അനുകൂലിച്ച് മുൻ ജയിൽ ഡിജിപി ശ്രീലേഖയുടെ തുറന്ന് പറച്ചിൽ.
‘ജയിലിൽ നിന്നും കേസിലെ മുഖ്യപ്രതി പൾസർ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് എഴുതിയത് സുനി അല്ല. സഹ തടവുകാരൻ വിപിനാണ് കത്തെഴുതിയത്. ഇയാൾ ജയിലിൽ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പൊലീസുകാർ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ ഐപിഎസ് പറയുന്നു.