കോട്ടയം : മുൻ ജയിൽ മേധാവി, ആർ. ശ്രീലേഖയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ദിലീപ് കേസ് പുനരന്വേഷിക്കേണമെന്ന് പി.സി.ജോർജ്. ദിലീപ് കേസിന്റെ സത്യാവസ്ഥ പറഞ്ഞപ്പോൾ തന്നെ ഒറ്റപ്പെടുത്താൻ ശ്രമിച്ചവർ ഇപ്പോഴെങ്കിലും സത്യം മനസ്സിലാക്കണം. മുഖ്യമന്ത്രിയുടെ ഇടപെടലുകൾ ദിലീപ് കേസിൽ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ശ്രീലേഖയുടെ വെളിപ്പെടുത്തലുകൾ എന്നും ജോർജ് പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോയുടെ കേസിലും താൻ പറഞ്ഞതായിരുന്നു സത്യം എന്ന് കോടതി വിധി തെളിയിച്ചിരുന്നുവെന്നും ജോർജ് പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധി ആണെന്നാണ് മുൻ ജയിൽ മേധാവി ആർ ശ്രീലേഖ സ്വന്തം യു ട്യൂബ് ചാനൽ വഴി പ്രതികരിച്ചത്. ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് ശ്രീലേഖ ഐപിഎസിന്റെ ആരോപണം. പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണ്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ ഫോട്ടോ ഷോപ്പ് ചെയ്തതാണ്. അക്കാര്യം പൊലീസുകാർ തന്നെ സമ്മതിച്ചതാണെന്നും തെളിവ് വേണ്ടിയുണ്ടാക്കിയതാണെന്നാണ് പറഞ്ഞതെന്നും ശ്രീലേഖ പറയുന്നു. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ദിലീപിനെ അനുകൂലിച്ച് മുൻ ജയിൽ ഡിജിപി ശ്രീലേഖയുടെ തുറന്ന് പറച്ചിൽ.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ വിവാദ അഭിപ്രായ പ്രകടനത്തില്‍ മുൻ ജയിൽ മേധാവി ആർ ശ്രീലേഖയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടികൾക്കൊരുങ്ങി പ്രോസിക്യൂഷൻ. വിസ്താരം നടക്കുന്ന കേസിൽ പ്രതി നിരപരാധിയെന്ന് പരസ്യമായി പറയുന്നത് കോടതിയ ലക്ഷ്യത്തിൻ്റെ പരിധിയിൽ വരുമെന്നാണ് വിലയിരുത്തൽ. ശ്രീലേഖയിൽ നിന്ന് മൊഴിയെടുക്കുന്നതും പരിഗണനയിലുണ്ട്. പരാമർശത്തിന് തെളിവുണ്ടെങ്കിൽ ഹാജരാക്കാൻ ആവശ്യപ്പെടാമെന്നും പ്രോസിക്യൂഷന് നിയമോപദേശം ലഭിച്ചു.