തിരുവനന്തപുരം : ദിലീപിനെ അനുകൂലിച്ച റിട്ട. ഡിജിപി ശ്രീലേഖ ഐപിഎസിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പരാമർശത്തിന് ഇടയായ സാഹചര്യം അന്വേഷിക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. ഒരാളെ ശിക്ഷിച്ച ശേഷം റിട്ടയഡ് ചെയ്ത ഒരു ഉദ്യോഗസ്ഥൻ വന്ന് കേസിനെതിരെ പറഞ്ഞാലെങ്ങനെയിരിക്കും. അതിലൊരു അനൌചിത്യം ഉണ്ട്. റിട്ടയർഡ് ചെയ്ത ഉദ്യോഗസ്ഥർ ഇങ്ങനെ പരാമർശം നടത്തുന്നതിന്റെ സാഹചര്യമെന്താണെന്ന് അന്വേഷിക്കണം. സത്യമാണോ പുറത്ത് വന്നതെന്ന് അറിയില്ല. അതും പൊലീസ് അന്വേഷിക്കണം. ഡിപിയായി റിട്ടയഡ് ചെയ്ത ഒരു ഉദ്യോഗസ്ഥയാണ് ഇക്കാര്യം പറഞ്ഞതെന്നതും ഞെട്ടിക്കുന്നതാണ്. എന്താണ് സത്യമെന്ന് അറിയില്ല. എന്തുകൊണ്ട് ഇതുവരെ പറഞ്ഞില്ലെന്നതും അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചന നടക്കുന്നുവെന്ന് വടകര എംഎല്‍എ കെ കെ രമ. പ്രതിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ആര്‍ ശ്രീലേഖ മുമ്പും ദിലീപിന് അനുകൂലമായി നിലപാടെടുത്തിരുന്നുവെന്നും കെകെ രമ കുറ്റപ്പെടുത്തി. ശ്രീലേഖയ്ക്ക് എതിരെ അന്വേഷണം വേണമെന്നും രമ ആവശ്യപ്പെട്ടു.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയാണെന്നും പൊലീസ് വ്യാജ തെളിവുകളുണ്ടാക്കുകയായിരുന്നുവെന്നുമുള്ള മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ പരാമർശം വലിയ വിവാദങ്ങള്‍ക്കാണ് തിരി കൊളുത്തിയിട്ടുള്ളത്. കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെയുള്ള മുൻ ജയിൽ ഡിജിപിയുടെ പരാമർശത്തിൽ അന്വേഷണ സംഘവും ഞെട്ടലിലാണ്. ദിലീപിനെ വെള്ള പൂശാനുള്ള ശ്രമമാണ് ശ്രീലേഖ നടത്തുന്നതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. അതിനിടെ ശ്രീലേഖക്കെതിരെ പ്രോസിക്യൂഷൻ കോടതിയലക്ഷ്യ നടപടികളും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.