കണ്ണൂര്‍: തലശ്ശേരിയിൽ ദമ്പതികൾക്ക് നേരെ പൊലീസ് അതിക്രമം നടന്ന സംഭവത്തിൽ നിര്‍ണായക മെഡിക്കൽ രേഖകൾ പുറത്ത്. പൊലീസ് കേസിൽ പ്രതിയാക്കി ജയിലിൽ അടച്ച പ്രത്യുഷിന് ദേഹമാസകലം പരിക്കേറ്റെന്ന് തെളിയിക്കുന്ന മെഡിക്കൽ രേഖകൾ ലഭിച്ചു. പ്രത്യുഷാണ് തങ്ങളെ ആക്രമിച്ചതെന്ന പൊലീസ് വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.
പ്രത്യുഷിന് ദേഹമാസകലം പരിക്കേറ്റു എന്ന വൂണ്ട് സർട്ടിഫിക്കറ്റിൽ വ്യക്തമാക്കുന്നു. ഇടത് കണ്ണിന് താഴെ രക്തം കല്ലിച്ച നിലയിലാണ്. ഇവിടെ ചതവുണ്ട്. ഇടത് കാലിനും വലത് മുട്ടിന് താഴെയും തോളിനും പരിക്കേറ്റ പാടുകളുണ്ട്. വലത് കൈയ്ക്ക് ചതവും, ഇടത് കൈയിലും നെഞ്ചിലും പുറക് വശത്തും ഉരഞ്ഞ പാടുകളും ഉണ്ട്. പ്രത്യുഷിനെ പൊലീസ് മുഷ്ടി ചുരുട്ടി ഇടിച്ചെന്നും ബൂട്ട് കൊണ്ട് ചവിട്ടി എന്നുമായിരുന്നു ഭാര്യയുടെ പരാതി. ദമ്പതികളെ പൊലീസ് ആക്രമിച്ചെന്ന പരാതി ശരിവയ്ക്കുന്ന തരത്തിലുള്ളതാണ് മെഡിക്കൽ സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങൾ.
പ്രത്യുഷിന്റെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. തലശ്ശേരി മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. കഴിഞ്ഞാഴ്ചയാണ് തലശ്ശേരിയിൽ കടൽപ്പാലം കാണാൻ പോയ പ്രത്യുഷും ഭാര്യ മേഘയും പൊലീസിന്റെ സദാചാര ആക്രമണത്തിന് ഇരകളായത്. രാത്രി കടൽപ്പാലം കാണാനെത്തിയ ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നെന്നാണ് പരാതി. ഇത് ചോദ്യം ചെയ്തതോടെ പ്രത്യുഷിനെ മർദ്ദിക്കുകയും കേസെടുക്കുകയും ചെയ്തെന്ന് ഭാര്യ മേഘ ആരോപിച്ചിരുന്നു. പൊലീസിനെ ആക്രമിച്ചു, കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രത്യുഷിനെതിരെ കേസെടുത്തത്.