ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ബോക്സിങ് ഡേ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്സണല്‍, ടോട്ടന്‍ഹാം എന്നീ ടീമുകള്‍ക്ക് വിജയം. മാഞ്ചസ്റ്റര്‍ സിറ്റി ലെസ്റ്റര്‍ സിറ്റിയേയും, ആഴ്സണല്‍ നോര്‍വിച്ച് സിറ്റിയെയും, ടോട്ടന്‍ഹാം ക്രിസ്റ്റല്‍ പാലസിനേയുമാണ് കീഴടക്കിയത്. ലെസ്റ്റര്‍ സിറ്റിക്കെതിരെ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ വര്‍ഷമാണ് നടത്തിയത്. മൂന്നിനെതിരെ ആറ് ഗോളിനാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജയം. റഹീം സ്റ്റെര്‍ലിങ് (25(P)), 87 മിനിട്ട്) ഇരട്ട ഗോള്‍ നേടിയപ്പോള്‍ കെവിന് ഡിബ്രൂയിന് (5ാം മിനിട്ട്) , റിയാദ് മെഹറസ് (14ാം മിനിട്ട് (P)) , ഇല്‍കായ് ഗുണ്ഡോഗന് (21ാം മിനിട്ട്), അയ്മറിക് ലപ്പോര്‍ട്ട (69ാം മിനിട്ട്) എന്നിവരും സിറ്റിക്കായി ലക്ഷ്യം കണ്ടു.ജയിംസ് മാഡിസണ്‍ (55ാം മിനിട്ട്) , അഡെമോല ലുക്മാന് (59ാം മിനിട്ട്), കെലേചി ഇഹാനാച്ചോ (65ാം മിനിട്ട്) എന്നിവരാണ് ലെസ്റ്ററിന്റെ ഗോള്‍ സ്കോറര്‍മാര്‍.
വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് സിറ്റി. 19 മത്സരങ്ങളില്‍ 47 പോയിന്റാണ് സംഘത്തിനുള്ളത്. 41 പോയിന്റുമായി രണ്ടാമതുള്ള ലിവര്പൂളിനേക്കാള് ആറ് പോയിന്റിന്റെ വ്യത്യാസമാണ് സിറ്റിക്കുള്ളത്. നോര്‍വിച്ച് സിറ്റിക്കെതിരെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് ആഴ്സണല്‍ വിജയം നേടിയത്. ബുകായോ സാക്ക ഇരട്ട ഗോള്‍ നേട്ടം ആഘോഷിച്ചപ്പോള്‍ (6, 67 മിനിട്ടുകള്‍) കീരന് ടിയര്‍ണി (44ാം മിനിട്ട്) , അലക്സാന്ദ്രേ ലകാസറ്റേ (89ാം മിനിട്ട് (P)), എമില്‍ സ്മിത്ത് (91ാം മിനിട്ട്) എന്നിവരും ലക്ഷ്യം കണ്ടു.വിജയത്തോടെ 19 മത്സരങ്ങളില്‍ 35 പോയിന്റുമായി ആഴ്സണല്‍ നാലാം സ്ഥാനത്ത് തുടരുകയാണ്.
പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ടോട്ടന്‍ഹാം ക്രിസ്റ്റല്‍ പാലസിനെ കീഴടക്കിയത്. 32ാം മിനിട്ടില്‍ ഹാരി കെയ്നിലൂടെയാണ് ടോട്ടന്‍ഹാം ഗോളടി തുടങ്ങിയത്. തുടര്‍ന്ന് 34ാം മിനിട്ടില്‍ ലൂക്കാസ് മൗറയും 74ാം മിനിട്ടില്‍ സോന്‍ ഹ്യൂങ് മിനും ലക്ഷ്യം കണ്ടു. 37ാം മിനിട്ടില്‍ വില്‍ഫ്രഡ് സാഹ ചുവപ്പ് കണ്ട് പുറത്ത് പോയതോടെ 10 പേരുമായാണ് ക്രിസ്റ്റല്‍ പാലസ് മത്സരം പൂര്‍ത്തിയാക്കിയത്. വിജയത്തോടെ ടോട്ടന്‍ഹാം അഞ്ചാം സ്ഥാനത്തേക്ക് കയറി. 16 മത്സരങ്ങളില്‍ നിന്നും 29 പോയിന്റാണ് സംഘത്തിനുള്ളത്.