മുംൈബ : എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവിന് വോട്ടു ചെയ്യണമെന്ന ആവശ്യവുമായി 16 ശിവസേന എംപിമാർ. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ചു ചേർത്ത യോഗത്തിലാണ് എൻഡിഎ സ്ഥാനാർഥിയെ പിന്തുണയ്ക്കണമെന്ന ആവശ്യമുന്നയിച്ചത്.
മഹാരാഷ്ട്രയിലെ വലിയൊരു വിഭാഗം ഗോത്രവർഗക്കാരാണെന്നും ഗോത്ര വിഭാഗത്തിൽ നിന്നുള്ള വനിതയായ ദ്രൗപദിയെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെട്ടുവെന്ന് ശിവസേന എംപി ഗജനൻ കിർതികർ പറഞ്ഞു. 2 ദിവസത്തിനുള്ളിൽ ഉദ്ധവ് താക്കറെ തീരുമാനമെടുക്കുമെന്നാണ് വിവരം.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ മകനുൾപ്പെടെ ആറ് എംപിമാർ യോഗത്തിൽ പങ്കെടുത്തില്ല. ശിവസേനയ്ക്ക് ലോക്സഭയിൽ പത്തൊൻപതും രാജ്യസഭയിൽ മൂന്നും എംപിമാരാണുള്ളത്. ഷിൻഡെ പക്ഷത്തുള്ള എംപി രാഹുൽ ഷേവാൽ ദ്രൗപദിക്ക് വോട്ടു ചെയ്യണമെന്ന് ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടിരുന്നു.