മുംബൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ശിവസേന ദ്രൗപതി മുർമുവിനെ പിന്തുണച്ചേക്കും. ഇതു സംബന്ധിച്ച് പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്ത് സൂചന നല്‍കിയതായാണ് വിവരം. മുർമുവിനെ പിന്തുണച്ചാൽ അതിനർഥം ബിജെപിയെ പിന്തുണയ്ക്കുമെന്നല്ല എന്ന് സഞ്ജയ് റാവത്ത് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. അന്തിമ തീരുമാനം ഉദ്ദവ് താക്കറെ പ്രഖ്യാപിക്കുമെന്നും റാവത്ത് പറഞ്ഞു. ശിവസേന എംപിമാർ കൂട്ടത്തോടെ മുർമുവിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് നിലപാട് മാറ്റം.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. യുപിയിൽ പ്രതിപക്ഷത്തുള്ള മുന്ന് ചെറിയ പാർട്ടികൾ ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.യശ്വന്ത് സിൻഹയെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രതിപക്ഷം തീരുമാനിച്ചപ്പോൾ 21 പാർട്ടികളുടെ പിന്തുണയുണ്ടായിരുന്നു. അരവിന്ദ് കെജ്‍രിവാളിന്റെ പിന്തുണ ഉണ്ടെന്നും ശരദ് പവാർ അറിയിച്ചിരുന്നു. എന്നാൽ ഝാർഖണ്ട് മുക്തി മോർച്ച പിന്നീട് കൊഴിഞ്ഞുപോയി. മമത ബാനർജിയും തണുപ്പൻ നിലപാടിലാണ്. അരവിന്ദ് കെജ്‍രിവാൾ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല.
അഖിലേഷ് യാദവുമായി തെറ്റിയ മുലായം സിംഗ് യാദവിന്റെ സഹോദരൻ ശിവ്പാൽ യാദവ് യോഗി ആദിത്യനാഥ് വിളിച്ച യോഗത്തിൽ പങ്കെടുത്തു. എസ്‍പിയുടെ സഖ്യകക്ഷിയായിരുന്ന ഓംപ്രകാശ് രാജ്ഭറിന്റെ എസ്ബിഎസ്‍പിയും കൂറുമാറി. രാജാ ഭയ്യയുടെ ജൻസത്ത ദളിന്റെ രണ്ട് എംഎൽഎമാരും എൻഡിഎ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യും എന്നറിയിച്ചു. ടിആർഎസ്, യശ്വന്ത് സിൻഹയ്ക്കൊപ്പം ഉറച്ചു നിൽക്കുന്നത് മാത്രമാണ് ഇപ്പോൾ പ്രതിപക്ഷത്തിന് ആശ്വാസം. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയുടെ കാര്യത്തിലും തീരുമാനം നീളുകയാണ്. അതേസമയം ആത്മവിശ്വാസത്തിന്റെ നെറുകയിലാണ് എൻഡിഎ ക്യാമ്പ്.
ജൂലൈ 18നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ജൂലൈ 21ന് ആണ്. 4809 പേർക്കാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ പങ്കെടുക്കാൻ കഴിയുക. 776 എംപിമാരും 4033 എംഎൽഎമാരും ആണിത്. ആകെ വോട്ടു മൂല്യം 10,86,431 ആണ്. വോട്ടെടുപ്പ് പാർലമെൻറ് മന്ദിരത്തിലും നിയമസഭകളിലും നടക്കും. വോട്ടെണ്ണൽ ദില്ലിയിലായിരിക്കും. വോട്ടെടുപ്പിന് ശേഷം ബാലറ്റു പെട്ടികൾ വിമാനമാർഗ്ഗം ദില്ലിയിൽ എത്തിക്കും. രാജ്യസഭ സെക്രട്ടറി ജനറൽ പി സി മോദിയാണ് വരണാധികാരി.