ദില്ലി: ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ ഇടക്കാല ജാമ്യം സുപ്രീംകോടതി നീട്ടി. സെപ്തംബർ 7 വരെയാണ് ജാമ്യം നീട്ടിയത്. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജാമ്യം തുടരുമെന്ന് കോടതി അറിയിച്ചു. സീതാപൂരിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം നീട്ടിയത്.
ദില്ലിയിലും ലഖീംപൂരിലും രജിസ്റ്റർ ചെയ്ത കേസുകളിൽ ജുഡീഷ്യൽ കസ്റ്റഡി തുടരുന്നതിനാൽ സുബൈറിന് പുറത്തിറങ്ങാൻ സാധിക്കില്ല. അതേസമയം സത്യവാങ്മൂലം സമർപ്പിക്കാൻ യുപി സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടു. ഇതിനിടെ ദില്ലിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ആവശ്യപ്പെട്ടുള്ള സുബൈറിന്റെ ഹർജി പരിഗണിക്കുന്നത് പട്യാല ഹൗസ് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. സെപ്ഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്ക് ഹാജരാകാൻ കഴിയില്ല എന്ന് അറിയിച്ചതിനെ തുടർന്നാണ് കേസ് മാറ്റിയത്.