കോലഞ്ചേരി: കിഴക്കമ്പലത്ത് ക്രിസ്മസ് രാത്രിയിൽ പോലീസിനെ ആക്രമിച്ച കേസിൽ പിടിയിലായ കിറ്റെക്സ് തൊഴിലാളികളായ പ്രതികളെ കോടതിയിൽ ഹാജരാക്കി. കോലഞ്ചേരി ഫസ്റ്റ്ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതികളെ എത്തിച്ചത്. പ്രതികളുടെ എണ്ണം കൂടുതലായതിനാൽ പ്രത്യേകമായാണ് കേസ് പരിഗണിച്ചത്. രണ്ട് കേസുകളാണ് സംഭവത്തിൽ രജിസ്റ്റർ ചെയ്തത്. സംഘർഷം അറിഞ്ഞെത്തിയ സ്റ്റേഷൻ ഹൗസ് ഓഫിസർ വി.ടി. ഷാജൻ അടക്കമുളള പോലീസുകാരെ തടഞ്ഞുവെച്ച് മർദിച്ചതിനും വധിക്കാൻ ശ്രമിച്ചതിനുമാണ് ആദ്യത്തെ കേസ്. രണ്ടാമതായി പൊതുമുതൽ നശിപ്പിക്കാൻ ശ്രമിച്ചതിനും കേസുണ്ട്.
ആദ്യത്തെ കേസിൽ 25 പേരാണ് പ്രതികൾ. ഇവരെയാണ് ആദ്യം കോടതിയിൽ ഹാജരാക്കിയത്. കല്ല്, മരവടി എന്നിവ ഉപയോഗിച്ച് പോലീസിനെ ആക്രമിച്ചു എന്നാണ് റിമാൻ്റ് റിപ്പോർട്ടിൽ പറയുന്നത്.
കോടതിയ്ക്ക് മുന്നിൽ പ്രതികൾക്കെതിരെ നാട്ടുകാരുടെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. ആകെ 162 പേരാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്നത്. ഇതിൽ പോലീസുകാരെ അക്രമിച്ചതുൾപ്പെടെയുള്ള അതിക്രമങ്ങളിൽ തിരിച്ചറിഞ്ഞ പ്രതികളെയാണ് കോടതിയിൽ ഹാജരാക്കിയത്.
അഡ്വ. ഇ.എൻ ജയകുമാർ പ്രതികൾക്കുവേണ്ടി ഹാജരായി. സർക്കാർ ഭാഗത്തു നിന്നും നിയമസഹായവേദിയുടെ (കെൽസ) വക്കീലാണ് പ്രതികൾക്കുവേണ്ടി ഹാജരായ അഡ്വ. ഇ എൻ ജയകുമാർ. പ്രതികളെ വിയ്യൂർ സ്പെഷ്യൽ ജയിലിലേയ്ക്ക് മാറ്റും.