കൊച്ചി: ഡി.വൈ.എഫ്.ഐ നേതാവ് വഞ്ചിയൂർ വിഷ്ണുവിന്റെ കൊലപാതകത്തിൽ പ്രതികളായ ആർ.എസ്.എസ് പ്രവർത്തകരെ ഹൈകോടതി വെറുതെ വിട്ടു. കേസിൽ ശിക്ഷിക്കപ്പെട്ട 13 പ്രതികളെയും വെറുതെ വിട്ടുകൊണ്ടാണ് ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവ്.
14 വർഷം മുമ്പ് ഡി.വൈ.എഫ്.ഐ പ്രവർത്തകനായ വിഷ്ണുവിനെ ആർ.എസ്.എസ് പ്രവർത്തകർ കൊലപ്പെടുത്തി എന്നതായിരുന്നു കേസ്. നേരത്തെ 13 പ്രതികളെ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചിരുന്നു. 11 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും 15ാം പ്രതിക്ക് ജീവപര്യന്തവും 11ാം പ്രതിക്ക് മൂന്നു വർഷം തടവുമായിരുന്നു ശിക്ഷ വിധിച്ചത്.
ഇവർ നൽകിയ അപ്പീലാണ് ഹൈകോടതി സിംഗിൾ ബെഞ്ച് പരിഗണിച്ചത്. 13 പ്രതികളെയും വെറുതെ വിട്ടുകൊണ്ടാണ് ഉത്തരവ് വന്നത്. പ്രൊസിക്യൂഷന്റെ തെളിവുകൾ കേസിൽ പ്രതികളുടെ പങ്കാളിത്തം പൂർണമായി തെളിയിക്കുന്നില്ലെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി.