പാലക്കാട്: മഹിളാ മോർച്ച നേതാവ് ശരണ്യയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശമുള്ള യുവമോർച്ച പ്രവർത്തകൻ പ്രജീവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. മറ്റ് പല യുവതികളുമായും ബിജെപി ഉന്നതരുമായും ഇയാൾക്കുള്ള ബന്ധം ആത്മഹത്യക്കുറിപ്പിൽ വ്യക്തമാണ്. ഇത് അന്വേഷിക്കണം. റെയിൽവേ ജീവനക്കാരനായ ഇയാൾക്കെതിരെ നടപടിയെടുക്കാൻ റെയിൽവേ അധികൃതർക്ക് നിവേദനം നൽകുമെന്നും ഡി വെ എഫ് ഐ വാർത്താക്കുറിപ്പിൽ അറിയിച്ചു.
അതേസമയം ശരണ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം തുടർ നടപടിയെന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യാ കുറിപ്പിൽ പേരുള്ള ബിജെപി പ്രവർത്തകൻ പ്രജീവ് ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ശരണ്യയുടെ വീട്ടുകാരുടെ മൊഴിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.
മഹിളാ മോര്‍ച്ച പാലക്കാട് നിയോജക മണ്ഡലം ട്രഷറര്‍ ആയിരുന്നു ശരണ്യയെ ഞായറാഴ്ചയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടുപിന്നാലെ ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. ബി ജെ പി പ്രവർത്തകനായ പ്രജീവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. തന്റെ മരണത്തിന് കാരണം പ്രജീവാണെന്നും അയാളെ വെറുതെ വിടരുതെന്നും ശിക്ഷ വാങ്ങി കൊടുക്കണമെന്നും കത്തിലുണ്ട്. ശരണ്യയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ബി ജെ പി നേതാവ് പ്രജീവാണെന്ന് കുടുംബവും ആരോപിച്ചിട്ടുണ്ട്. ബി ജെ പി നേതൃത്വത്തിന് ഇക്കാര്യം വ്യക്തമാക്കി കുടുംബം പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.