അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തിൽ വ്യാജ തെളിവ് ചമച്ചെന്ന് ആരോപിച്ച് മുൻ ഐപിഎസ് ഓഫിസർ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മാധ്യമപ്രവർത്തക ടീസ്റ്റ സെതൽവാദ്, മുൻ ഡിജിപി ആർ.ബി. ശ്രീകുമാർ എന്നിവർ സമാന കേസിൽ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായിരുന്നു.
ഒരു കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ പലൻപുർ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ് സഞ്ജീവ്. അവിടെ നിന്ന് ട്രാൻസഫർ വാറണ്ട് വഴിയാണ് സഞ്ജീവിനെ കസ്റ്റഡിയിലെടുത്തത്. ഗുജറാത്ത് കലാപക്കേസിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരെ മൊഴി നൽകിയതിനെത്തുടർന്നാണു ഭട്ട് വിവാദത്തിൽ പെട്ടത്. ഗുൽബർഗ് കൂട്ടക്കൊലക്കേസിൽ നരേന്ദ്ര മോദി അടക്കം 64 പേർക്കു ക്ലീൻചിറ്റ് നൽകിയതിന് എതിരെയുള്ള ഹർജി സുപ്രീം കോടതി തള്ളിയത് കഴിഞ്ഞ ആഴ്ചയാണ്.