തിരുവനന്തപുരം : ന്യൂ ഇയര്‍ ആഘോഷവുമായി ബന്ധപ്പെട്ട് പരിശോധന കര്‍ശനമാക്കി എക്സൈസ്. ബാര്‍ ലൈസന്‍സുള്ള ഹോട്ടലുകള്‍ക്ക് എക്സൈസ് നോട്ടിസ് അയച്ചുവെന്ന് എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അനില്‍ കുമാര്‍ കെകെ ട്വന്റിഫോറിനോട് പറഞ്ഞു. ലഹരി ഉപയോഗം ഉണ്ടായാല്‍ ഹോട്ടല്‍ അധികൃതര്‍ക്കെതിരെയും കേസെടുക്കും. ലഹരി ഉപയോഗം തടയാന്‍ ഹോട്ടല്‍ അധികൃതര്‍ നടപടി സ്വീകരിക്കണം. എറണാകുളം ജില്ലയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് എക്സൈസ് നടപടി. പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാന്‍ സ്ട്രൈക്കിംഗ് ഫോഴ്സിനെ നിയോഗിച്ചിട്ടുണ്ട്. പൊലീസ്, റവന്യു, വനം വകുപ്പ് വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത പരിശോധന നടത്തുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പറഞ്ഞു. വാഹനങ്ങളിലും , ട്രെയിനുകളിലും പരിശോധന ശക്തമാക്കും. പാര്‍സല്‍ സര്‍വീസുകളും പരിശോധിക്കും.
അനുമതിയില്ലാതെ ഡിജെ പാര്‍ട്ടികള്‍ക്ക് മൈക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നും 12 മണിക്ക് മുന്‍പ് എല്ലാ പാര്‍ട്ടികളും അവസാനിപ്പിക്കണമെന്നും ആലുവ റൂറല്‍ എസ്പി കാര്‍ത്തിക് ട്വന്റിഫോറിനോട് പറഞ്ഞു. ലഹരി കടത്ത് തടയാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ബീച്ചുകളിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.