പാലക്കാട്: ആദിവാസി ഭൂമി തട്ടിപ്പ് കേസില്‍ എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. ഒരു ലക്ഷം രൂപ കെട്ടിവെക്കുകയും രണ്ടുപേര്‍ ആൾജ്യാമം നിൽക്കുകയും വേണം. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഒപ്പിടാന്‍ പോകുന്നത് ഒഴിച്ചാല്‍ രണ്ടുമാസത്തേക്ക് അട്ടപ്പാടി താലൂക്കിൽ പ്രവേശിക്കരുത്. പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും ഉപാധിയുണ്ട്. ആദിവാസികളെ കയ്യേറ്റം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിലാണ് അജി കൃഷ്ണനെതിരെ കേസെടുത്തത്.
ഷോളയാർ വട്ടലക്കി എന്ന സ്ഥലത്ത് പട്ടികവർഗ വിഭാഗത്തിൽപ്പെട്ട രാമൻ എന്നയാളുടെ ഭൂമി കയ്യേറിയതിനാണ് കേസ്. സ്ഥലത്ത് മാരകായുധങ്ങളുമായി എത്തി രാമനെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തി, കുടിലിനു തീ വച്ചു അവരെ ഒഴിപ്പിച്ചു സ്ഥലം കയ്യേറി എന്നാണ് കേസ്. ഒരു വർഷം മുമ്പ് നൽകിയ പരാതിയിൽ നേരത്തെ കേസെടുത്തിരുന്നെങ്കിലും ഇപ്പോഴാണ് അറസ്റ്റ്. വിദേശത്തായിരുന്ന അജി കൃഷ്ണൻ അട്ടപ്പാടിയില്‍ തിരിച്ചെത്തിയതിനു തൊട്ടു പിറകെയാണ് അറസ്റ്റ് ചെയ്തത്.
സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജോലി നൽകിയതിനെ തുടര്‍ന്ന് സന്നദ്ധ സംഘനയായ എച്ച്ആർഡിഎസിന്‍റെ രാഷട്രീയമടക്കം ഏറെ ചര്‍ച്ചയായിരുന്നു. കേരളം, തമിഴ്നാട്, ഗുജറാത്ത്, ത്രിപുര, അസം, ഝാർഖണ്ഡ് ഉൾപ്പടെയുള്ള ആദിവാസി മേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ഹൈറേഞ്ച് റൂറൽ ഡവലപ്മെന്‍റ് സൊസൈറ്റി എന്ന എച്ച്ആർഡിഎസ്സ്. 1995-ൽ രൂപീകൃതമായതാണ് സംഘടന. സംഘടന ആദിവാസികളുടെ പട്ടയഭൂമി കയ്യേറിയത് അന്വേഷിക്കാന്‍ എസ്‍സി എസ്‍ടി കമ്മീഷന്‍ നേരത്തെ ഉത്തരവിട്ടിരുന്നു.