അബുദാബി : യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്യും. വരും കാലത്തേക്കുള്ള യുഎഇയുടെ സ്വപ്നങ്ങളും പദ്ധതികളും രാജ്യത്തെ പൗരന്മാരോടും പ്രവാസികളോടും പ്രസിഡന്റ് പങ്കുവെയ്‍ക്കുമെന്നാണ് സൂചന.
യുഎഇ സമയം വൈകുന്നേരം ആറ് മണിക്കാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് രാജ്യത്തോട് സംസാരിക്കുന്നത്. യുഎഇയിലെ പ്രാദേശിക ടെലിവിഷന്‍ ചാനലുകളും റേഡിയോ ചാനലുകളും പ്രസംഗം തത്സമയം സംപ്രേക്ഷണം ചെയ്യും. രാജ്യത്ത് പഠന മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളോടും അവരുടെ രക്ഷിതാക്കളോടും കഴിഞ്ഞ ദിവസം ശൈഖ് മുഹമ്മദ് സ്വീകരിച്ചിരുന്നു. കഴിവുകള്‍ കൂടുതല്‍ മികവുറ്റതാക്കണമെന്നും അതുവഴി സമൂഹത്തിലും ലോകത്തും ഗുണപരമായ മാറ്റങ്ങളുണ്ടാക്കണമെന്നുമാണ് പ്രസിഡന്റ് അവരോട് ആവശ്യപ്പെട്ടത്. മികവ് തെളിയിച്ച ഈ വിദ്യാര്‍ത്ഥികളാണ് ഭാവിയിലേക്കുള്ള രാജ്യത്തിന്റെ യഥാര്‍ത്ഥ നിക്ഷേപമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുന്‍ യുഎഇ പ്രസിഡന്റും ശൈഖ് മുഹമ്മദിന്റെ സഹോദരനുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഇക്കഴിഞ്ഞ മേയ് 13ന് മരണപ്പെട്ടതിനെ തുടര്‍ന്നാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനെ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി തെരഞ്ഞെടുത്തത്. നേരത്തെ 2005 മുതല്‍ അദ്ദേഹം യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാണ്ടര്‍ പദവി വഹിച്ചുവരികയായിരുന്നു.