തിരുവനന്തപുരം: ആശുപത്രി കെട്ടിട നിർമ്മാണത്തിനിടെ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിന് കാരണം മഴയും തുടർച്ചയായ മണ്ണെടുപ്പുമാണെന്ന് സൂചന. നെടുമങ്ങാട് കരകുളം കെൽട്രോൺ ജംഗഷന് സമീപമാണ് അപകടം നടന്നത്. തിരുവനന്തപുരം ഊരൂട്ടമ്പലം സ്വദേശികളായ വിമൽ കുമാർ (36) ഷിബു എന്നിവരാണ് മരിച്ചത്.
സ്വകാര്യ ആശുപത്രി കെട്ടിടത്തിനുള്ള നിര്‍മ്മാണ ജോലിയിലായിരുന്നു തൊഴിലാളികൾ. അടിത്തറക്കായി വാനം വെട്ടുന്നതിനിടയിൽ മണ്ണിടിഞ്ഞ് വീണുവെന്നാണ് വിവരം. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. ജെസിബി ഉപയോഗിച്ചെടുത്ത കുഴി വൃത്തിയാക്കുന്നതിനായി നാല് പേർ കുഴിയിലേക്ക് ഇറങ്ങിയിരുന്നു. ഇവരിൽ രണ്ട് പേരാണ് അപകടത്തിൽപ്പെട്ടത്.
മറ്റ് തൊഴിലാളികൾ ചേർന്ന് ഇവരെ പുറത്തെടുത്തു. ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നു. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയും തുടർച്ചയായി മണ്ണെടുത്തതും അപകടത്തിനിടയാക്കിയെന്നാണ് നിഗമനം. മണ്ണെടുപ്പ് മൂലം സമീപത്തെ ടവറുകളും അപകടാവസ്ഥയിലാണെന്ന പരാതിയുമായി നാട്ടുകാരും രംഗത്തെത്തി.
നിർമാണപ്രവർത്തനങ്ങൾക്ക് അനുമതിയുണ്ടെന്നും അപകടാവസ്ഥയില്ലെന്നുമാണ് കരാറുകാരന്റെ പ്രതികരണം. ഒരാളുടെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും ഒരാളുടെ മൃതദേഹം പേരൂർക്കടയിലെ ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. നെടുമങ്ങാട് പോലീസ് കേസെടുത്തു.