മുംബൈ: മഹാരാഷ്ട്രയിൽ പുതിയതായി അധികാരമേറ്റ ഏക്നാഥ് ഷിൻഡെ സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചു. പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്. മുഖ്യമന്ത്രി ഷിൻഡെയുടെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും നേതൃത്വത്തിൽ ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങൾക്ക് സമാനമായി ഇന്ധനത്തിന്റെ വാറ്റ് കുറയ്ക്കുമെന്ന് ചുമതലയേറ്റ ഉടൻ ഫഡ്‌നാവിസ് പ്രഖ്യാപിച്ചിരുന്നു.
നവംബർ നാല്, മെയ് 22 തീയതികളിൽ കേന്ദ്ര സർക്കാർ വാറ്റ് കുറച്ചിരുന്നുവെന്നും സംസ്ഥാനങ്ങളോടും വില കുറയ്ക്കാൻ കേന്ദ്രം ആവശ്യപ്പെട്ടെന്നും ഷിൻഡെ പറഞ്ഞു. എന്നാൽ, മുൻ മഹാവികാസ് അഘാഡി സർക്കാർ വില കുറച്ചില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധനനികുതി കുറച്ചിരുന്നു. സാമ്പത്തിക സ്ഥിതി പഠിച്ച് പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറയ്ക്കാൻ തീരുമാനിച്ചു. നികുതി കുറച്ചത് സംസ്ഥാനത്തിന് 6,000 കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് കുറയ്ക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.