ദില്ലി : മങ്കിപോക്സിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്‍റെ ജാഗ്രതാ നിർദ്ദേശം. ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു. അടുത്ത സമ്പർക്കത്തിലൂടെ ശരീരസ്രവങ്ങൾ വഴിയാണ് രോഗം പകരുക. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും പിന്നിട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും വ്യാപിക്കുന്നതാണ് മങ്കിപോക്സ്. അതേസമയം വിദേശത്ത് നിന്ന് സംസ്ഥാനത്ത് എത്തിയ ഒരാളെ മങ്കിപോക്സ് ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാക്കി. മുൻപ് മങ്കിപോക്സ് സ്ഥിരീകരിച്ചയാളുമായി സമ്പർക്കത്തിലുള്ളയാളാണ് ഇദ്ദേഹം.
വിദേശത്ത് നിന്നെത്തി മൂന്ന് ദിവസത്തിനുള്ളിൽ പനി, വസൂരിക്ക് സമാനമായ കുരുക്കൾ എന്നീ ലക്ഷണങ്ങൾ ഇദ്ദേഹത്തില്‍ കണ്ടിരുന്നു. ഇതോടെ ആദ്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അവിടെ നിന്ന് പിന്നീട് സർക്കാർ ആശുപത്രിയിലേക്കും മാറ്റി. ഇയാളുമായി സമ്പർക്കത്തില്‍ ഉണ്ടായിരുന്ന ഒരാൾക്ക് നേരത്തെ മങ്കി പോക്സ് സ്ഥിരീകരിച്ചിരുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കൂടുതൽ പരിശോധനകളിലേക്ക് കടന്നത്.
പൂനെ വൈറോളജി ലാബിൽ നിന്ന് ഇന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന പരിശോധനാ ഫലം നിർണായകമാണ്. കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്. ഇവരുമായി മാത്രമാണ് അടുത്ത സമ്പർക്കമുള്ളത്. അതേസമയം, വയനാട്ടിൽ നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ട കുരങ്ങുപനിയല്ല മങ്കിപോക്സ് അഥവാ വാനര വസൂരിയെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. പനി, തലവേദന ഉൾപ്പടെ ലക്ഷണങ്ങൾക്കാണ് ചികിത്സ. വസൂരിക്ക് സമാനമായ കുരുക്കൾ ദേഹത്ത് പൊങ്ങും.