മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് തങ്ങൾ ഒരു ഇംഗ്ലീഷ് പത്രത്തിനുവദിച്ച അഭിമുഖത്തെച്ചൊല്ലി വിവാദം. ഇടതുപക്ഷമില്ലാത്തെ കേരളത്തെക്കുറിച്ച് സങ്കല്പിക്കാനാകുമോ എന്ന ചോദ്യത്തിന് ഇടതുപക്ഷവും കോൺഗ്രസും ഇല്ലാതാവുന്നത് ഒരേ പോലെ അപകടമാണെന്ന് സാദിഖലി തങ്ങൾ നൽകിയ മറുപടി സി പി എമ്മിനെ പ്രോൽസാഹിപ്പിക്കുന്നതാണെന്ന് കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നു. പല കോൺഗ്രസ് നേതാക്കളും ഇക്കാര്യത്തിലുള്ള പ്രതിഷേധം ലീഗ് നേതാക്കളെ അറിയിച്ചു.
എന്നാൽ പ്രസ്താവന തിരുത്താൻ സാദിഖലി തങ്ങൾ തയ്യാറായിട്ടില്ല. ബി ജെ പി ഒഴികെയുള്ള ഒരു രാഷ്ട്രീയ പാർട്ടിക്കും എതിരല്ല എന്നായിരുന്നു തങ്ങളുടെ മറ്റൊരു വിശദീകരണം. സാദിഖലി തങ്ങളുടെ പ്രസ്താവന ഇടത് അനുകൂല മാധ്യമങ്ങൾ ഏറ്റ് പിടിച്ചിട്ടുണ്ട്. എൽ ഡി എഫിലേക്കില്ലെന്ന് ഇതേ അഭിമുഖത്തിൽ തങ്ങൾ പറയുന്നുണ്ടെങ്കിലും സി പി എമ്മിന് ലീഗ് അധ്യക്ഷൻ നൽകിയ പിന്തുണ വ്യക്തമാണെന്നാണ് ഇടത് നേതാക്കൾ സമൂഹമാധ്യമങ്ങളിൽ ചൂണ്ടിക്കാട്ടുന്നത്.
ലീഗ് നേതാക്കളെ കോൺഗ്രസ് നേതൃത്വം ബന്ധപ്പെട്ടെങ്കിലും അവർ ഇത് നിഷേധിക്കാൻ തയ്യാറായിട്ടില്ല. കുഞ്ഞാലിക്കുട്ടിക്ക് പിന്നാലെ തങ്ങളും സി പി എം പക്ഷപാതിയായെന്ന പ്രചാരണവും ഇതോടെ സമൂഹമാധ്യമങ്ങളിൽ ലീഗ് വിമർശകർ ഉയർത്തുന്നുണ്ട്. കോൺഗ്രസ് അനകൂല സൈബർ പോരാളികൾ വി ഡി സതീശനും കൂട്ടരും നടത്തുന്ന പോരാട്ടത്തിന് തുരങ്കം വെക്കുകയാണ് ലീഗെന്ന വിമർശനം ഉന്നയിക്കുന്നു. സതീശനും സുധാകരനും മാത്രമാണ് ഇപ്പോൾ സി പി എം വിരുദ്ധ പോരാട്ടം നടത്തുന്നതെന്നും ഇവർ പറയുന്നു. പ്രശ്നത്തിൽ ലീഗ് നേതാക്കൾ ഇതേവരെ പ്രതികരിച്ചിട്ടില്ല.