ദില്ലി : പാർലമെന്റിൽ ഉപയോഗിക്കരുന്നതിന് ചില വാക്കുകൾക്ക് വിലക്കേർപ്പെടുത്തിയതിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാറിനെ കൈകാര്യം ചെയ്യുന്ന രീതിയെ വിമർശിക്കാനുപയോഗിക്കുന്ന എല്ലാ വാക്കുകളും അൺപാർലമെന്ററിയാണെന്നും ഇപ്പോൾ അത് നിരോധിച്ചിരിക്കുകയാണെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. ഇന്ത്യയുടെ പുതിയ ഡിക്ഷണറി എന്ന അടിക്കുറിപ്പോടെ ഒരു ചിത്രവും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. അൺപാർലമെന്റി എന്ന വാക്ക് വിശദീകരിച്ചാണ് രാഹുലിന്റെ ട്വീറ്റ്.
വാക്യത്തിൽ പ്രയോഗിച്ച് ഉദാഹരണ സഹിതമാണ് ട്വീറ്റ്. തന്റെ നുണകളും കഴിവുകേടും തുറന്നുകാട്ടിയപ്പോൾ ജുംലജീവി തനാഷാ മുതലക്കണ്ണീർ പൊഴിച്ചെന്നാണ് അൺപാർലമെന്ററി വാക്കിന് ഉദാഹരണമായി നൽകിയത്. തൃണമൂൽ നേതാക്കളായ ഡെറിക് ഒബ്രിയാനും മഹുവ മൊയ്ത്രയും സർക്കാറിനെ വിമർശിച്ച് രംഗത്തെത്തി.
അഴിമതിയെന്ന വാക്ക് വിലക്കിയിരുന്നു. പാർലമെന്‍റ്. സ്വേച്ഛാധിപതി, നാട്യക്കാരൻ, മന്ദബുദ്ധി, കൊവിഡ് വ്യാപി തുടങ്ങിയ പദങ്ങളും ഉപയോഗിക്കരുത്. അരാജകവാദി, ശകുനി തുടങ്ങിയ ഒരു കൂട്ടം വാക്കുകൾക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവയൊക്കെ ഉപയോഗിച്ചാല്‍ അത് സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യും. ലോക്സഭ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പുതിയ ബുക്ക് ലെറ്റിലാണ് ഇതു സംബന്ധിച്ച നിർദ്ദേശം ഉള്ളത്. വര്‍ഷകാല സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായാണ് നിര്‍ദ്ദേശങ്ങള്‍.