തിരുവനന്തപുരം : നിയമസഭയിൽ സിപിഎം എംഎൽഎ, എംഎം മണി നടത്തിയ അധിക്ഷേപ പ്രസംഗത്തിൽ പ്രതികരിച്ച് വടകര എംഎൽഎ കെകെ രമ. അധിക്ഷേപങ്ങളിലൂടെ തന്നെ തളർത്താമെന്ന് കരുതണ്ടെന്നും ശക്തമായ വിമർശനം ഇനിയും ഉന്നയിക്കുമെന്നും കെകെ രമ പറഞ്ഞു. നിരന്തരമായി തന്നെ വേട്ടയാടുകയാണ്. മണിയുടെ പ്രസ്താവന മുഖ്യമന്ത്രി തിരുത്തും എന്ന് പ്രതീക്ഷിച്ചുവെന്നും കെകെ രമ പറഞ്ഞു.
‘ഇവിടെ ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികൾ അല്ല’- എന്നായിരുന്നു എംഎം മണിയുടെ നിയമസഭയിലെ പ്രസംഗം.ഇതിനെതിരെ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. നടുക്കളത്തിലിറങ്ങി പ്രതിഷേധം ശക്തമായതോടെ ഒരു ഘട്ടത്തിൽ സഭ നിര്‍ത്തി വെക്കേണ്ടി വന്നു. പത്ത് മിനിറ്റിന് ശേഷം സ്പീക്കർ സഭ നടപടികൾ പുനരാരംഭിച്ചതോടെ പ്രസംഗത്തെ തിരുത്താതെ ന്യായീകരിച്ച് മണി വീണ്ടുമെത്തി. ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും തന്റെ വീക്ഷണത്തിൽ തോന്നിയ കാര്യമാണ് പറഞ്ഞതെന്നുമാണ് മണിയുടെ ന്യായീകരണം.മുഖ്യമന്ത്രി പിണറായി വിജയനും മണിയെ ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.