ദില്ലി : രാജ്യത്തെ ആദ്യത്തെ മങ്കി പോക്സ് കേസ് സ്ഥിരീകരിച്ച കേരളത്തിലേക്ക് കേന്ദ്ര സംഘമെത്തും. വിദഗ്ദ സംഘത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ ഉപദേഷ്ടാവ് ഡോ. പി രവീന്ദ്രൻ, എൻ സി ഡി സി ഡോ. സാങ്കേത് കുൽക്കർണി, ഡോ. അരവിന്ദ് കുമാർ, ഡോ. അഖിലേഷ് എന്നിവരാണുള്ളത്.
അതേ സമയം, സംസ്ഥാനത്ത് മങ്കി പോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി വിദേശത്ത് നിന്നും എത്തിയത് മുൻ കരുതലുകൾ സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എന്നിരുന്നാലും വിമാനത്തിൽ ഒപ്പമുണ്ടായിരുന്ന 11 പേരെ കണ്ടെത്തി വിവരമറിയിച്ചു. വീട്ടിലുള്ളവരെയും രോഗി, കൊല്ലത്ത് ആദ്യം പോയ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരെയും ടാക്സി ഡ്രൈവറെയും അടക്കം പ്രൈമറി കോണ്ടാക്ടിൽ ഉൾപ്പെടുത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രിയറിയിച്ചു.
യുഎഇയിൽ നിന്നെത്തിയ 35 വയസ്സുള്ള പുരുഷനാണ് രോഗം സ്ഥിരീകരിച്ചത്. രോഗമുണ്ടോ എന്ന സംശയമുണ്ടായിരുന്നതിനാൽ കൈകളിൽ ഗ്ലൗസ് അടക്കം ധരിച്ചാണ് വിമാനത്തിൽ യാത്ര ചെയ്തതെന്നാണ് രോഗി ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ചത്. രോഗാണുവിന്റെ ഇൻകുബേഷൻ പിരിയഡ് 21 ദിവസമാണ്. ഈ ദിവസങ്ങളിൽ പ്രെമറി കോൺഡാക്ട് പട്ടികയിലുൾപ്പെട്ടവരെ നിരീക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. യുഎഇയിൽ നിന്ന് വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വിമാനത്താവളത്തിൽ നിന്ന് ഇദ്ദേഹം നേരെ വീട്ടിലേക്കാണ് പോയത്. അതിന് ശേഷം കൊല്ലത്തെ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.