തിരുവനന്തപുരം : മങ്കിപോക്സ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നാലംഗ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും.സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പിന് വേണ്ട നിർദേശങ്ങളുംസഹായങ്ങളും സംഘം നൽകും. നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോളിലെ ഒരു അംഗവും, ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ഉപദേഷ്ടാവും, രണ്ട് ഡോക്ടർമാരുമാണ് സംഘത്തിലുള്ളത്.സംഘത്തിൽ ഒരു മലയാളിയുമുണ്ട്. കേരളത്തിലെ സ്ഥിതി കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഇതിനിടെ കേരളത്തിൽ കൂടുതൽ പേരെ ആവശ്യമെങ്കിൽ ആശുപത്രികളിലെ നിരീക്ഷണത്തിലേക്ക് മാറ്റാൻ നടപടി എടുക്കും. പൊസിറ്റിവ് ആയ കൊല്ലം സ്വദേശിക്കൊപ്പം വിമാനത്തിൽ അടുത്തു യാത്ര ചെയ്ത 11 പേർ ഉണ്ടെന്നു കണ്ടെത്തിയിരുന്നു. ഇവരോട് സ്വയം നിരീക്ഷണം പാലിക്കാനും, ലക്ഷണങ്ങൾ കണ്ടെത്തിയാൽ പരിശോധിക്കാനും ആണ് ഇപ്പോൾ നിർദേശം നൽകിയിട്ടുള്ളത്.ചികിത്സ, ഐസൊലേഷൻ, വിമാന താവളങ്ങളിൽ ഉൾപ്പടെ നിരീക്ഷണം എന്നിവയിൽ വിശദമായ മാർഗ രേഖയും തയാറാണ്.