തൃശൂർ: ജില്ലയിൽ വിവിധ ഇടങ്ങളിൽ അതിശക്തമായ കാറ്റ് വീശി. പുത്തൂർ, പാണഞ്ചേരി, നടത്തറ പ്രദേശങ്ങളിലാണ് ചുഴലിക്കാറ്റിന് സമാനമായ രീതിയിൽ കാറ്റ് വീശിയത്. രാവിലെ ആറരയോടെയായിരുന്നു സംഭവം. ഇതേ തുടർന്ന് ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. ഒരു വീടിന്റെ മേൽക്കൂരയുടെ ഓടുകൾ പറന്നു പോയി.
അതിരപ്പിള്ളി തുമ്പൂർമുഴിയിൽ കൂറ്റൻ മുളങ്കൂട്ടം റോഡിലേയ്ക്ക് മറിഞ്ഞു വീണു. ഇവിടെ വാഹന ഗതാഗതം തടസപ്പെട്ടു. തുമ്പൂർമുഴി – അതിരപ്പിള്ളി റൂട്ടിൽ ഗതാഗതം പുനസ്ഥാപിക്കാൻ രണ്ടു മണിക്കൂറെടുക്കുമെന്നാണ് കരുതുന്നത്. മുളങ്കൂട്ടം മുറിച്ചു മാറ്റാൻ ഫയർഫോഴ്സ് ശ്രമം തുടങ്ങി. അട്ടപ്പാടിയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. ആനക്കട്ടി – മണ്ണാർക്കാട് റോഡിൽ കൽക്കണ്ടിയിൽ വൈദ്യുതി ലൈനിലേക്ക് മരം വീണ് ഇവിടെയും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.