ദില്ലി: എയർ ഇന്ത്യ സാറ്റ്സിലെ വ്യാജ പീഡന പരാതിയിൽ സാറ്റ്സ് മുൻ വൈസ് ചെയർമാൻ ബിനോയ് ജേക്കബിന് തിരിച്ചടി. കേസിൽ ബിനോയ് ജേക്കബ് അന്വേഷണം നേരിടണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളി. ബിനോയ് ജേക്കബ് വിചാരണ നേരിടണമെന്നാണ് സുപ്രീം കോടതി നിലപാട്. ഈ കേസിൽ സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷ് രണ്ടാം പ്രതിയാണ്.
എയർ ഇന്ത്യാ ഉദ്യോഗസ്ഥനായ എൽഎസ് സിബുവിനെതിരെ വ്യാജ ലൈംഗിക പീഡന പരാതിയുണ്ടാക്കിയെന്നാണ് കേസ്. സ്വപ്നയും എയർ ഇന്ത്യാ സാറ്റ്സ് മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബുമാണ് ഈ കേസിലെ ഗൂഢാലോചന നടത്തിയതെന്നാണ് ആരോപണം. ബിനോയ് ജേക്കബും സ്വപ്ന സുരേഷും ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നുണ്ട്. എയർഇന്ത്യാ ഉദ്യോഗസ്ഥരെ കേസിൽ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.
സ്വർണക്കടത്ത് കേസിൽ സ്വപ്നയുടെ അറസ്റ്റിന് പിന്നാലെ ഈ കേസും വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിച്ചതിന് എൽഎസ് സിബുവിനെതിരെ എയർ ഇന്ത്യ നടപടിയെടുത്തിരുന്നു. എയര്‍ ഇന്ത്യാ സാറ്റ്സ് ജീവനക്കാരിയായിരിക്കെയാണ് സ്വപ്ന സുരേഷ് എൽഎസ് സിബുവിനെതിരെ ഗൂഢാലോചന നടത്തി വ്യാജ പരാതി നൽകിയത്.