മലപ്പുറം: ഹൈറിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ 14 ദിവസം സ്വയം നിരീക്ഷണത്തില്‍ ഇരിക്കണമെന്നും ഈ കാലയളവില്‍ പുറത്തിറങ്ങാനോ ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളില്‍ പോകാനോ പാടില്ലെന്നും ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. വിദേശത്തു നിന്ന് വരുന്നവര്‍ ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ആണെങ്കില്‍ ഏഴ് ദിവസം സമ്പര്‍ക്ക വിലക്കില്‍ കഴിയണം.
എട്ടാം ദിവസം കോവിഡ് പരിശോധനക്ക് വിധേയരാവണം. നെഗറ്റിവാണെങ്കില്‍ തുടര്‍ന്നുള്ള ഏഴ് ദിവസം കൂടി സ്വയം നിരീക്ഷണത്തില്‍ ഇരിക്കണം. പരിശോധനയില്‍ പോസിറ്റിവാണെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം ചികിത്സ തേടണം. ജനുവരി മുതല്‍ കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കുമെന്നതിനാല്‍ ഇനിയും വാക്സിന്‍ എടുക്കാനുള്ളവര്‍ ഉടന്‍ എടുക്കണമെന്നും ഡി.എം.ഒ അറിയിച്ചു.