റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ന് സൗദി അറേബ്യയിലെത്തും. ഇസ്രയേലില്‍ നിന്നാണ് അദ്ദേഹം ജിദ്ദയില്‍ എത്തുന്നത്. സൗഹൃദ രാജ്യങ്ങളായ അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും ചരിത്രപരമായ പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത ശേഷമുള്ള ബൈഡന്റെ ആദ്യ സൗദി സന്ദര്‍ശനമാണിത്.
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണം സ്വീകരിച്ചതാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബൈഡന്‍ സൗദി അറേബ്യയിലെത്തുന്നത്. വെള്ളിയാഴ്ച രാത്രി ജോ ബൈഡന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും കൂടിക്കാഴ്‍ച നടത്തുമെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്‍ടാവ് ജേക്ക് സള്ളിവന്‍ പറഞ്ഞു.
ശനിയാഴ്ച സൗദി അറേബ്യയുടെ അധ്യക്ഷതയില്‍ നടക്കുന്ന ആദ്യ അറബ് – അമേരിക്കന്‍ ഉച്ചകോടിയില്‍ ബൈഡന്‍ പങ്കെടുക്കും. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ക്ക് പുറമെ ജോര്‍ദാന്‍ രാജാവ് അബ്‍ദുല്ല രണ്ടാമന്‍, ഈജിപ്‍ഷ്യന്‍ പ്രസിഡന്റ് അബ്‍ദുല്‍ ഫത്താഹ് അല്‍ സീസി, ഇറാഖ് പ്രധാനമന്ത്രി മുസ്‍തഫ അല്‍ ഖാദിമി തുടങ്ങിയിവരും ഉച്ചകോടിയില്‍ പങ്കെടുക്കും. ഉച്ചകോടിക്ക് മുന്നോടിയായി ബൈഡന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.