പട്‌ന: പോപ്പുലർ ഫ്രണ്ടിനെ ആർഎസ്എസിനോടുപമിച്ച് വിവാദത്തിലായ പോലീസ് ഓഫിസർ വിശദീകരണവുമായി രംഗത്ത്. പോപ്പുലർ ഫ്രണ്ടിനെ ആർഎസ്എസുമായി താരതമ്യം ചെയ്യാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് പട്‌നയിലെ സീനിയർ പോലീസ് സൂപ്രണ്ട് മാനവ്ജീത് സിംഗ് ധില്ലൺ വിശദീകരിച്ചു.
തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചെന്നും പോപ്പുലർ ഫ്രണ്ട് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുക മാത്രമാണ് ചെയ്തതെന്നും പോലീസ് ഓഫിസർ വിശദീകരിച്ചു. തന്റെ ഉദ്ദേശ്യം ഒരിക്കലും രണ്ട് സംഘടനകളെ താരതമ്യം ചെയ്യുകയായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പോപ്പുലർ ഫ്രണ്ട് എങ്ങനെ പ്രവർത്തിച്ചുവെന്ന് വിശദീകരിക്കുന്നതിനിടയിൽ, പ്രത്യേകിച്ചും എങ്ങനെയാണ് അംഗങ്ങളെ റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചതെന്ന് വിശദീകരിക്കുന്നതിനിടയിൽ പോലീസ് ഓഫിസർ ആർഎസ്‌എസിന്റെ രീതികൾ ഉദ്ധരിച്ചിരുന്നു. ആർഎസ്എസുകാർക്ക് ലാത്തി ഉപയോഗിക്കുന്നതിന് ശാഖകളിൽ പരിശീലനം നൽകുന്നതുപോലെ കായിക അഭ്യാസത്തിന്റെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കളെ ആകർഷിക്കുകയും അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നായിരുന്നു പൊലീസുകാരൻ പറഞ്ഞത്.
തുടർന്ന് ബിജെപി രംഗത്തെത്തി. ബിജെപി പ്രതിഷേധിച്ചതോടെ 48 മണിക്കൂറിനുള്ളിൽ എസ്എസ്പി ധില്ലനോട് വിശദീകരണം തേടാൻ മുഖ്യമന്ത്രി നിതീഷ് കുമാർ ആവശ്യപ്പെട്ടു. തുടർന്നാണ് എഎസ്പി വിശദീകരണത്തിനായി വാർത്താസമ്മേളനം വിളിച്ചത്.