തൃശൂർ : പറമ്പിക്കുളം ആളിയാർ ഡാമിൽ നിന്ന് ഒട്ടൻ ചത്രത്തിലേക്ക് കൂടുതൽ വെള്ളം കൊണ്ടു പോകാനുള്ള തമിഴ്നാടിന്റെ നീക്കം തടയുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. കൂടുതൽ വെള്ളം കൊണ്ടു പോകരുതെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഈ മാസം തമിഴ്നാടുമായി ചർച്ച നടത്തും. പറമ്പിക്കുളം ആളിയാറിൽ ഡാമിൽ നിന്നും ഒട്ടൻ ചത്രത്തിലേക്ക് കൂടുതൽ വെള്ളം കൊണ്ടുപോകാനുള്ള തമിഴ്നാടിന്‍റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാണ്. പാലക്കാട്ടെ കാർഷിക മേഖലയേയും കുടിവെള്ള വിതരണത്തേയും തീരുമാനം ബാധിക്കുമെന്നാണ് ആശങ്ക. എന്നാൽ കർഷകർക്ക് ആശങ്ക വേണ്ടെന്നും മന്ത്രി അറിയിച്ചു.
ആളിയാർ ഡാമിൽ നിന്നും 120 കിലോമീറ്റർ അകലെയുള്ള ഒട്ടൻ ചത്രത്തിലേക്ക് വലിയ പൈപ്പുകളിൽ വെള്ളം കൊണ്ടുപോകാനാണ് തമിഴ്നാട് ഒരുങ്ങുന്നത്. കുടിവെള്ള ആവശ്യം മുൻനിർത്തിയാണ് നീക്കം. തമിഴ്നാട് കൂടുതൽ ജലം കൊണ്ടുപോകാൻ തുടങ്ങിയാൽ, നദീജല കരാർ പ്രകാരം കേരളത്തിന് അർഹതപ്പെട്ട വെള്ളത്തിന്‍റെ അളവ് കുറയ്ക്കാനിടയുണ്ട് എന്നാണ് ആശങ്ക. 1970 ൽ ഉണ്ടാക്കിയ അന്തർ നദീജല കരാറിന് എതിരുമാണ് തമിഴ്നാടിന്റെ നീക്കം. വേനൽക്കാലത്ത് ഭാരതപ്പുഴയിലെ നീരൊഴുക്ക് നിലനിർത്താനും ആളിയാർ ഡാമിലെ ജലം അനിവാര്യം. ചിറ്റൂർ മേഖലയിൽ നിരവധി പാടങ്ങൾ പച്ചപുതയ്ക്കുന്നത് ആളിയാറിൽ നിന്നു നീരുകൊണ്ടാണ്.
തമിഴ്നാടിന്റെ നീക്കം എല്ലാത്തിനേയും ദോഷകരമായി ബാധിക്കും. ആളിയാറിനും ഒട്ടൻ ചത്രത്തിനുമിടയിൽ തമിഴ്നാടിന്‍റെ ഉടമസ്ഥതയിൽ മറ്റ് രണ്ട് ഡാമുകൾ കൂടിയുണ്ട്. തിരുമൂർത്തി ഡാമും അമരാവതി ഡാമും. ഈ രണ്ട് അണക്കെട്ടിൽ നിന്നും വെള്ളമെടുക്കാതെയാണ് ആളിയാറിനെ ആശ്രയിക്കുന്നത്. പ്രശ്നത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണം എന്നാണ് കോൺഗ്രസ് ആവശ്യം.