ദില്ലി: വിവാഹം കഴിക്കാതെ പങ്കാളികൾ ഒരുമിച്ച് കഴിയുന്ന ലിവ്-ഇൻ ബന്ധത്തിൽ ഗർഭഛിദ്രം നടത്താനാവില്ലെന്ന് ദില്ലി ഹൈക്കോടതി. നിലവിലെ നിയമം അനുസരിച്ച് വിവാഹം കഴിക്കാതെയുള്ള ബന്ധത്തിൽ ഗർഭഛിദ്രത്തിന് അനുമതി നൽകാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ലിവ്-ഇൻ ബന്ധത്തിൽ നിന്ന് വേർപിരിഞ്ഞ 25കാരിയായിരുന്നു ഹർജിക്കാരി. വേർപിരിഞ്ഞ ബന്ധത്തിൽ താൻ ഗർഭിണിയാണെന്നും ഗർഭഛിദ്രം നടത്താൻ അനുമതി വേണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. ഈ മാസം 18 ന് യുവതി ഗർഭിണിയായിട്ട് 24 ആഴ്ച തികയും. ഈ സാഹചര്യത്തിലാണ് ഗർഭഛിദ്രത്തിന് അനുമതി തേടിയത്.
ഇന്നലെയായിരുന്നു കേസിൽ ദില്ലി ഹൈക്കോടതി വാദം കേട്ടത്. ഇതിന് ശേഷം വിധി പറയാനായി കേസ് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. 2021 ൽ രാജ്യത്ത് ഭേദഗതി വരുത്തിയ മെഡിക്കൽ ടേർമിനേഷൻ ഓഫ് പ്രഗ്നൻസി നിയമ പ്രകാരം 20 ആഴ്ചയിൽ കൂടുതൽ പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ സ്ത്രീകൾക്ക് അനുവാദം നൽകുന്നുണ്ട്. ഇതിൽ വിവാഹിതരല്ലാത്ത സ്ത്രീകളുടെ കാര്യം വ്യക്തമാക്കിയിട്ടില്ലെന്നാണ് കോടതി വിധിയിൽ ചൂണ്ടിക്കാട്ടിയത്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധത്തിലാണ് താൻ കഴിഞ്ഞിരുന്നതെന്നും ഇതിലൂടെ ഗർഭിണിയാവുകയും ചെയ്തെന്നാണ് ഹർജിക്കാരി കോടതിയിൽ പറഞ്ഞത്. എന്നാൽ പങ്കാളി തന്നെ വിവാഹം കഴിക്കാൻ തയ്യാറല്ലാത്തതിനാൽ ഗർഭഛിദ്രത്തിന് അനുവദിക്കണം എന്നായിരുന്നു യുവതിയുടെ ആവശ്യം.