ദില്ലി: പത്രങ്ങൾക്കും ഡിജിറ്റൽ വാർത്താ പ്രസാധകർക്കും അവരുടെ യഥാർത്ഥ ഉള്ളടക്കം ഉപയോഗിക്കുന്നതിന് പരസ്യ വരുമാനത്തിന്റെ ഒരു വിഹിതം ടെക് ഭീമന്മാർ നൽകണമെന്ന് അഭിപ്രായപ്പെട്ട് ഐടി, ഇലക്ട്രോണിക്സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. നിലവിലുള്ള ഐടി നിയമങ്ങൾ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി റെഗുലേറ്ററി ഇടപെടലുകളിലൂടെ ഈ നിയമം അവതരിപ്പിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ഓസ്‌ട്രേലിയ, ഫ്രാൻസ്, സ്‌പെയിൻ തുടങ്ങിയ നിരവധി രാജ്യങ്ങൾ, വാര്ത്തകളുടെ ഉള്ളടക്കം ഉപയോഗിക്കുന്നതിന് അതിന്റെ നിർമ്മാതാക്കൾക്ക് മതിയായ പ്രതിഫലം നൽകുന്ന നീക്കം നടത്തിയിട്ടുണ്ട്. ഗൂഗിൾ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയുടെ മാതൃസ്ഥാപനമായ മെറ്റാ, മൈക്രോസോഫ്റ്റ്, ആപ്പിൾ, ട്വിറ്റർ തുടങ്ങിയ ടെക് ഭീമന്മാർ വാർത്താ മാധ്യമങ്ങൾ നൽകുന്ന പ്രസിദ്ധീകരിക്കുന്ന വാർത്ത/വിവരങ്ങൾ ഉപയോഗിക്കുന്നതിന് പണം നൽകണം എന്നാണ് സർക്കാർ നിർദേശം.
ഇൻറർനെറ്റിന്റെയും സ്മാർട്ട്ഫോണുകളുടെയും വളർച്ചയോടുകൂടി സോഷ്യൽ മീഡിയകളിൽ നിന്നും ടെക് ഭീമന്മാർ വലിയ ലാഭമാണ് കൊയ്യുന്നത്. ഓരോ കാഴ്ചയ്ക്കും ഓരോ ക്ലിക്കിനും പണം വാരിക്കൂട്ടുകയാണ് ഇവർ. വിപണി മൊത്തം പിടിച്ചടക്കുന്ന ഈ നടപടി ഇനിയും തുടരുന്നത് ശരിയായി തോന്നുന്നില്ല എന്നും മന്ത്രി വ്യക്തമാക്കി.