കോഴിക്കോട്: സംസ്ഥാനത്ത് പല ജില്ലകളിലും കനത്ത മഴ. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ ലഭിക്കുന്നത്. തീരങ്ങളില്‍ കടലാക്രമണവും രൂക്ഷമാണ്. കക്കയം ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ തുറന്നു. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്.
കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് രാവിലെ മുതല്‍ കനത്ത മഴ പെയ്യുന്നത്. കോഴിക്കോട് ജില്ലിയില്‍ പുലര്‍ച്ചെ മുതല്‍ ശക്തമായ മഴയാണ്. മാവൂരിലാണ് ഏറെ ദുരിതം. ചാലിയാര്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ നിരവധി വീടുകളില്‍ വെള്ളം കയറി. പല കുടുംബ ങ്ങളും ബന്ധു വീടുകളിലേക്ക് താമസം മാറി. കച്ചേരിക്കുന്ന് സാംസ്കാരിക കേന്ദ്രത്തില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. വലിയതോതില്‍ കൃഷിനാശവും ഉണ്ടായി.
കക്കയം ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തിയിയതായി അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വെള്ളം ഒഴുക്കി വിടുന്നതിനാല്‍ കുറ്റിയാടി പുഴയുടെ തീരവാസികള്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കി. മുക്കം മാമ്പറ്റയില്‍ ശക്തമായ കാറ്റില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി കമ്പികളും പൊട്ടി. ഫയര്‍ഫോഴ്സെത്തി മരം മുറിച്ചു നീക്കിയിട്ടുണ്ട്. മലപ്പുറം നിലമ്പൂര്‍ മേഖലയിലും ശക്തമായ മഴ തുടരുകയാണ്. പാലക്കാടും മഴ ശക്തമാണ്.
കണ്ണമ്പ്രയില്‍ വീടിനുമുന്‍പില്‍ ഗര്‍ത്തം രൂപപ്പെട്ടു. കണ്ണമ്പ്ര കൊട്ടേക്കാടിലാണ് സംഭവം. തൃശൂരിലും കനത്ത മഴയിലും കാറ്റിലും വ്യാപകമായ നാശനഷ്ടമുണ്ടായി. അഞ്ച് വീടുകള്‍ പൂര്‍ണ്ണമായും 98 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വ്യാപക കൃഷി നാശവും ഉണ്ട്. പുത്തൂര്‍, ചേര്‍പ്പ്, പാനഞ്ചേരി പഞ്ചായത്തുകളിലാണ് കൂടുതല്‍ നഷ്ടം. പീച്ചി മേഖലയില്‍ ശക്തമായ കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. തീരദേശങ്ങളില്‍ പലയിടത്തും കടലാക്രമണവും രൂക്ഷമാണ്.