തിരുവനന്തപുരം : ആനി രാജക്കെതിരായ എം എം മണിയുടെ ആക്ഷേപത്തിന് മറുപടിയുമായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിയടക്കം നേതാക്കള്‍ രംഗത്ത് വന്നതോടെ കെ കെ രമ വിഷയത്തില്‍ എം എം മണി സിപിഐ പോര് കടുക്കുന്നു. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും മണിക്ക് പൂര്‍ണ പിന്തുണ കൊടുക്കുമ്പോഴാണ് സിപിഐ നേതാക്കളൊന്നാകെ മണിക്കെതിരെ രംഗത്ത് വരുന്നത്. സിപിഐയുടെ എതിര്‍പ്പ് കൂടി മുതലാക്കി മണിക്കെതിരായ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.
ചെയറിലുണ്ടായിരുന്ന സിപിഐ നേതാവ് ഇ കെ വിജയന്‍റെ എതിര്‍പ്പ് മുതല്‍ ബിനോയ് വിശ്വവും ആനി രാജയും വരെ മണിയുടെ സത്രീവിരുദ്ധ നിലപാട് പരസ്യമായി പറഞ്ഞിട്ടും മണിക്ക് കുലുക്കമില്ലെന്ന് മാത്രമല്ല ആനി രാജയെ മോശം വാക്കുപയോഗിച്ച് അദ്ദേഹം ആക്ഷേപിക്കുകയും ചെയ്തു. സുശീലാ ഗോപാലനടക്കം നേതാക്കള്‍ ഉയര്‍ത്തിപ്പിടിച്ച സ്ത്രീപക്ഷ രാഷ്ട്രീയത്തിന് വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ആനി രാജയുടെ മറുപടി. ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനും മണിക്കെതിരെ കടുത്ത നിലപാടെടുത്തു. ഇതൊന്നും നാടന്‍ ശൈലിയല്ലെന്ന് ശിവരാമന്‍ പറഞ്ഞു.
സഭയ്ക്കകത്ത് മുഖ്യമന്ത്രിയും സഭക്ക് പുറത്ത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെയാണ് എം എം മണി ആനി രാജക്കെതിരെ ആക്ഷേപകരമായി പ്രതികരിച്ചത്. രമക്കെതിരായ വാക്കുകളില്‍ നിന്ന് പിന്നോട്ടില്ലെന്ന് മാത്രമല്ല അവരെ ഇനിയും വിമര്‍ശിക്കുമെന്ന് എം എം മണി വ്യക്തമാക്കിയിരുന്നു. അതും പോരാഞ്ഞാണ് ആനി രാജയേയും മോശം വാക്കുപയോഗിച്ച് ആക്ഷേപിച്ചത്. വിവാദം അതേപടി നിര്‍ത്താന്‍ സിപിഎം നേതൃത്വം ആഗ്രഹിക്കുന്നത് പോലെയാണ് മണിയുടെ വാക്കുകള്‍. അങ്ങിനെയെങ്കില്‍ സിപിഐ എംഎല്‍എ മാരെ ഈ വിഷയത്തില്‍ എങ്ങനെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനാകുമെന്ന് പ്രതിപക്ഷവും ആലോചിക്കുന്നു. തിങ്കളാഴ്ചയും നിയമസഭയില്‍ ഈ വിഷയം കത്തുമെന്നുറപ്പ്.