റിയാദ്: സൗദി അറേബ്യയും അമേരിക്കയും വിവിധ മേഖലകളിലെ സഹകരണത്തിന് 18 സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സന്ദര്‍ശനവേളയിലാണ് സൗദി മന്ത്രിമാര്‍ അമേരിക്കയിലെ വിവിധ വകുപ്പ് സെക്രട്ടറിമാരുമായി കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചത്.
ഊര്‍ജം, നിക്ഷേപം, ബഹിരാകാശം, വാര്‍ത്താ വിനിമയം, ആരോഗ്യം എന്നീ മേഖലകളിലെ സഹകരണത്തിനാണ് കരാറുകളില്‍ ഒപ്പുവെച്ചത്. പുതിയ കരാറുകളുടെ ഭാഗമായി സൗദിയും യുഎസും പരസ്പര നിക്ഷേപവും നടത്തും. 18 കരാറുകളില്‍ 13ഉം നിക്ഷേപ മന്ത്രാലയവുമായാണ്. ഇവ അമേരിക്കയിലെ പ്രമുഖ കമ്പനികളുമായി സൗദി ഊര്‍ജ മന്ത്രാലയം, നിക്ഷേപ മന്ത്രാലയം, ജുബൈല്‍-യാംബു റോയല്‍ കമ്മീഷനുകള്‍ എന്നിവയാണ് ഒപ്പുവെച്ചത്.
ബോയിങ് എയ്‌റോസ്‌പേസ്, റേതിയോണ്‍ ഡിഫന്‍സ് ഇന്‍ഡസ്ട്രീസ്, മെഡ്‌ട്രോണിക് കോര്‍പ്പറേഷന്‍, ഡിജിറ്റല്‍ ഡയഗ്നോസ്റ്റിക്‌സ്, ഹൈല്‍ത്ത് കെയര്‍ മേഖലയിലെ ഇക്വിയ എന്നീ കമ്പനികളും ഇവയില്‍പ്പെടുന്നു. യുഎസ് ബഹിരാകാശ ഏജന്‍സി നാസയുമായി സൗദി ബഹിരാകാശ അതോറിറ്റി ചന്ദ്രനിലും ചൊവ്വയിലും പര്യവേഷണം ചെയ്യുന്നതിനുള്ള ആര്‍ട്ടിമെസ് കരാറില്‍ ഒപ്പുവെച്ചു. ഊര്‍ജം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, ഉല്‍പ്പാദനം, തുണിത്തരങ്ങള്‍ എന്നീ മേഖലകളിലെ മറ്റ് പ്രമുഖ അമേരിക്കന്‍ കമ്പനികളുമായും കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്.