പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ മുടങ്ങി കിടന്ന ശസ്ത്രക്രിയകൾ തിങ്കളാഴ്ച നടത്തും. ആശുപത്രിയിൽ തടസ്സപ്പെട്ട ജലവിതരണം പുനസ്ഥാപിച്ചു. അടിയന്തിര സാഹചര്യം ഉണ്ടായാൽ ഉപയോഗിക്കാൻ രണ്ടു മോട്ടോർ വാങ്ങി ആശുപത്രിയിൽ എത്തിച്ചു. കനത്ത മഴയെ തുടർന്ന് ശിരുവാണി ഡാമിലെ ജലവിതരണം ഭാഗികമായി തടസ്സപ്പെട്ടതിനാൽ കോട്ടത്തറ ട്രൈബൽ ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിലായിരുന്നു, തുടർന്ന് ശസ്ത്രക്രിയകൾ മുടങ്ങിയെന്നും ഗുരുതര രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്തെന്നും വാർത്തകൾ വന്നു.
എന്നാൽ രോഗികളെ വെള്ളമില്ലാത്തതിനാൽ മാറ്റേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്ന് വിശദീകരിച്ച് ആരോഗ്യമന്ത്രി തന്നെ രംഗത്തെത്തി. ആശുപത്രിയിലെ മോട്ടോറിൽ ചെളി അടിഞ്ഞു കൂടിയതിനെ തുടർന്ന് ജലവിതരണം തടസ്സപ്പെട്ടിരുന്നു. ഇതോടെ രണ്ടു ദിവസമായി ആശുപത്രിയിലെ ശസ്ത്രക്രിയകൾ മുടങ്ങി. പല രോഗികളും വിടുതൽ വാങ്ങി പോവുകയും ചെയ്തു. കിടപ്പു രോഗികൾക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പോലും വെള്ളമില്ലാതായതോടെ വലിയ പ്രതിഷേധമാണ് ഉയർന്നത്.
സംഭവം പുറം ലോകം അറിഞ്ഞതോടെ അധികൃതർ അടിയന്തിരമായി ഇടപ്പെട്ട് മോട്ടോർ നന്നാക്കാൻ നടപടി തുടങ്ങി. ജലവിതരണം പുനസ്ഥാപിച്ചതോടെ ആശുപത്രിയുടെ പ്രവർത്തനം സാധാരണ നിലയിലായി. ഇനിയും അടിയന്തിര സാഹചര്യം ഉണ്ടായാൽ ഉപയോഗിക്കാൻ രണ്ടു മോട്ടോർ വാങ്ങി ആശുപത്രിയിൽ എത്തിച്ചു. ഇതിനു മുമ്പും വെള്ളമില്ലാതെ ചികിത്സ മുടങ്ങുന്ന സാഹചര്യം ഇവിടെ ഉണ്ടായിട്ടുണ്ട്.