കൊച്ചി: അസാധാരണമായ സാഹചര്യത്തിലാണ് ഹൈകോടതിയുടെ നിർണ്ണായക ഉത്തരവ്. രാജ്യത്തെ നിലവിലെ നിയമം അനുസരിച്ച് 24 ആഴ്ച അഥവാ ആറ് മാസം കാലാവധി പിന്നിട്ടാൽ ഗർഭച്ഛിദ്രം അനുവദനീയമല്ല. എന്നാൽ പതിനഞ്ച് വയസ്സുകാരിയായ പോക്സോ കേസിലെ അതിജീവിതയുടെ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി തീരുമാനം. സർക്കാർ ആശുപത്രിയിൽ വെച്ച് ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കാൻ കോടതി അനുമതി നൽകി. മെഡിക്കൽ സൂപ്രണ്ട് പ്രത്യേക ടീം രൂപീകരിച്ച് ഇതിനുള്ള നടപടികൾ എടുക്കണം.ജനിച്ച് വീഴുന്ന കുഞ്ഞിന് സാധ്യമായ എല്ലാ ചികിത്സയും പരിചരണവും നൽകി ആരോഗ്യമുള്ള കുഞ്ഞാക്കി മാറ്റണം.
കുഞ്ഞിനെ ഏറ്റെടുക്കാൻ ബന്ധുക്കൾ തയ്യാറല്ലെങ്കിൽ സംസ്ഥാന സർക്കാർ സംരക്ഷണം ഏറ്റെടുക്കണമെന്നും ജസ്റ്റിസ് വി ജി അരുൺ ഉത്തരവിട്ടു.ആറ് മാസം പിന്നിട്ട അവസ്ഥയിൽ ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്താൽ പലവിധ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത ഉണ്ടെന്നായിരുന്നു മെഡിക്കൽ ടീമിന്‍റെ റിപ്പോർട്ട്. കുഞ്ഞ് തുടർന്ന് ജീവിക്കാനുള്ള സാധ്യത മുപ്പത് ശതമാനമാണ്.മൂന്ന് മാസം വരെ എൻഐസിയു പരിചരണം ആവശ്യമാണ്. നാഡി സംബന്ധമായ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്നും മെഡിക്കൽ ടീം കോടതിയെ അറിയിച്ചു. ഈ സാഹചര്യം നിലനിൽക്കുന്പോഴും പതിനഞ്ച് വയസ്സുകാരിയുടെ മാനസിക നില പരിഗണിച്ചായിരുന്നു കോടതി തീരുമാനം.കേസ് പത്ത് ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കും.ഇതിനകം മെഡിക്കൽ സൂപ്രണ്ട് നിലവിലെ ഉത്തരവ് നടപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.
പോക്സോ കേസ് ആയതിനാൽ പതിനഞ്ച് വയസ്സുകാരിയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ കഴിയില്ല.എങ്കിലും സാഹചര്യം ഇങ്ങനെയാണ്.15 വയസ്സുകാരി 24 ആഴ്ച ഗർഭാവസ്ഥ പിന്നിട്ട് കഴിഞ്ഞു.ആറ് മാസം പിന്നിട്ടാൽ രാജ്യത്തെ നിയമം അനുസരിച്ച്
ഗർഭച്ഛിദ്രത്തിന് അനുമതി ഇല്ല.പക്ഷേ നിയമത്തിന്‍റെ സങ്കീർണതകളിലേക്ക് പോകാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അവസ്ഥ പരിഗണിച്ചാണ് ഈ തീരുമാനമെന്നാണ് ജസ്റ്റിസ് വി ജി അരുൺ വ്യക്തമാക്കിയത്. ഗർഭസ്ഥ ശിശുവിന് ജീവനുണ്ടെങ്കിൽ പല പ്രശ്നങ്ങൾക്കും സാധ്യതയുണ്ട്.എന്നാൽ പെൺകുട്ടിയുടെ മാനസിക ശാരീരിക അവസ്ഥ മനസ്സിലാക്കുന്നു,ഓരോ ദിവസവും തീരുമാനം വൈകുന്നത് 15 വയസ്സുകാരി നിലവിൽ അനുഭവിക്കുന്ന കഠിനവേദനയുടെ ആക്കം കൂട്ടുമെന്നും കോടതി വിലയിരുത്തി.
ഇത് പരിഗണിച്ചാണ് മനുഷത്വപരമെന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ഉത്തരവ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. എന്നാൽ ഇതിന് മറ്റൊരു വശം. ഗർഭസ്ഥ ശിശു ജീവനോടെ ജനിക്കുകയും ആരോഗ്യപ്രശ്നങ്ങളുണ്ടാവുകയും ചെയ്താൽ ഭാവിയിൽ നിയമവഴിയിൽ ഇത്തരം കേസുകൾ കൂടുതൽ
സങ്കീർണമാകാൻ സാധ്യതയുണ്ട്. ആരോഗ്യപ്രശ്നങ്ങളോടെ ജനിക്കുന്ന കുഞ്ഞിന്‍ ആരാകും കാരണക്കാർ എന്നതിൽ തുടർചർച്ചകൾക്കും സാധ്യതകളുണ്ട്. എന്നാൽ നിലവിൽ കുഞ്ഞിന് ജീവനുണ്ടെങ്കിൽ സാധ്യമായ എല്ലാ ചികിത്സയും പരിചരണവും നൽകി ആരോഗ്യം ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിനെ കോടതി ചുമതലപ്പെടുത്തിയിരിക്കുകയാണ്.