കോഴിക്കോട്: കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള വേദിയില്‍ നിന്ന് സംവിധായിക കുഞ്ഞില മാസിലാമണിയെ അറസ്റ്റ് ചെയ്‍ത സംഭവത്തില്‍ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. കുഞ്ഞില മാസിലാമണി വേദിയില്‍ കാണിച്ചത് കുട്ടികളുടെ വികൃതിയാണെന്നും മേളയുടെ വിജയത്തെ തകര്‍ക്കാന്‍ ഇത്തരം ചെറുകിട നാടകങ്ങള്‍ക്ക് കഴിയില്ലെന്നും രഞ്ജിത്ത് പ്രതികരിച്ചു. മേളയുടെ തന്നെ ഓപണ്‍ ഫോറത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് രഞ്ജിത്തിന്‍റെ പ്രതികരണം.
“ആ സിനിമ ഒരു ഒറ്റ ചിത്രമല്ല. ഒരു ആന്തോളജിയിലെ ഒരു സിനിമ മാത്രമാണ്. അത് അടര്‍ത്തിയെടുത്ത് ഇവിടെ കാണിക്കണമെന്ന ആവശ്യവുമായാണ് അവര്‍ അക്കാദമിലെ സമീപിച്ചത്. അത് സാധ്യമല്ലെന്ന സാങ്കേതികപരമായ മറുപടി അക്കാദമി നല്‍കുകയും ചെയ്‍തിരുന്നു. മന്ത്രിയും നഗരസഭാ മേയറുമൊക്കെ പങ്കെടുക്കുന്ന ഒരു വേദിയില്‍ കയറി വികൃതി കാണിച്ചതിനാണ് പൊലീസ് അവരെ കസ്റ്റഡിയില്‍ എടുത്തത്. ആ സംഭവത്തില്‍ അക്കാദമിക്ക് യാതൊരു റോളുമില്ല. പ്രേക്ഷക പങ്കാളിത്തം കൊണ്ട് വലിയ വിജയമാണ് ഈ ഫെസ്റ്റിവല്‍. വരും വര്‍ഷങ്ങളിലും അത് ആവര്‍ത്തിക്കും. ഇത്തരം ചെറുകിട നാടകങ്ങള്‍ കൊണ്ടൊന്നും അതിന് തടയിടാന്‍ കഴിയില്ല”, രഞ്ജിത്ത് പറഞ്ഞു.