തിരുവനന്തപുരം: പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ഈ വർഷത്തെ തിരുവോണം ബമ്പർ ലോട്ടറി വിൽപ്പന ഇന്ന് മുതൽ. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭാഗ്യക്കുറി സമ്മാനതുകയായ 25 കോടിയാണ് ഒന്നാം സമ്മാനം. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ 12 കോടിയായിരുന്നു തിരുവോണം ബമ്പറിന്റെ സമ്മാനത്തുക. സെപ്റ്റംബറില്‍ ആകും നറുക്കെടുപ്പ് നടക്കുക.
സമ്മാനത്തുക വർദ്ധിക്കുന്നതോടൊപ്പം തന്നെ ടിക്കറ്റ് വിലയിലും വ്യത്യാസമുണ്ട്. 500 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞ വർഷം വരെ 300 രൂപയായിരുന്നു വില. ടിക്കറ്റ് വില കൂടിയെങ്കിലും സമ്മാനത്തുക വലിയ ആകർഷണഘടകമാകും എന്നാണ് ധനവകുപ്പിന്റെ പ്രതീക്ഷ. ഓണം ബമ്പറിന് റെക്കോർഡ് സെയിലാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ഇതുവഴി നികുതിയേതര വരുമാനത്തിൽ വളർച്ചയും സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്.
അതേസമയം, സമ്മാനത്തുക വർദ്ധിച്ചതോടെ മികച്ച വിൽപ്പന നടക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാരും ഏജൻസികളും. എന്നാൽ, ടിക്കറ്റ് വില ഉയർന്നത് സാധാരണ കച്ചവടക്കാരിൽ ആശങ്കയും ഉയർത്തുന്നുണ്ട്. കഴിഞ്ഞ വർഷം ഓണം ബമ്പറിന്റെ 54 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരുന്നത്. ഇതിൽ എല്ലാ ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. ഇത്തവണ 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനാണ് ലോട്ടറി വകുപ്പിന്റെ തീരുമാനം. തട്ടിപ്പ് നടക്കാതിരിക്കാനുള്ള കർശന സുരക്ഷയും ലോട്ടറി വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.