ദില്ലി: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ഒന്നാം പ്രതി ഇ.പി.ജയരാജനെന്ന് കെ.സുധാകരൻ. ജയരാജനെതിരായ നിയമ നടപടിയിൽ നിന്ന് പിന്നോട്ടില്ല. കോടതിയുണ്ടെങ്കിൽ ജയരാജൻ ശിക്ഷിക്കപ്പെടും. ഇപിക്കെതിരായ ഇൻഡിഗോ നടപടി ആദ്യപടിയാണെന്നും കെ.സുധാകരൻ പറഞ്ഞു. വിമാനത്തിലെ പ്രതിഷേധം പാർട്ടി ആസൂത്രണം ചെയ്തതല്ല. മുൻ എംഎൽഎ ശബരീനാഥൻ ഗൂഢാലോചന നടത്തിയെന്ന വാദം തള്ളുകയാണെന്നും കെ.സുധാകരൻ പറഞ്ഞു.
ഇൻഡിഡോ വിമാനത്തിൽ ഇനി യാത്ര ചെയ്യില്ലെന്ന ഇ.പി.ജയരാജന്റെ പ്രസ്താവനയെ അദ്ദേഹം പരിഹസിച്ചു. ഇനി ചാർട്ടേണ്ട് വിമാനത്തിലാകും യാത്ര എന്നായിരുന്നു പരിഹാസം. വിമാനത്തിൽ മാത്രം യാത്ര ചെയ്തുള്ള പാരമ്പര്യം ഒന്നും ജയരാജനില്ലെന്നും സുധാകരൻ ദില്ലിയിൽ പറഞ്ഞു.
വിമാനത്തിലെ കയ്യേറ്റ ശ്രമവുമായി ബന്ധപ്പെട്ട് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തിൽ ഇൻഡിഗോ വിമാന കമ്പനിയെ വിമർശിച്ച് നേരത്തെ ഇ.പി.ജയരാജൻ രംഗത്തെത്തിയിരുന്നു. ഇത്ര നിലവാരമില്ലാത്ത ഇന്‍ഡിഗോയിൽ ഇനി യാത്ര ചെയ്യില്ല. നിലവാരമില്ലാത്ത കമ്പനിയുമായി ഇനി ഒരു ബന്ധവും ഇല്ല. മാന്യൻമാരായ വിമാനക്കമ്പനികൾ വേറെയും ഉണ്ട്. നടന്ന് പോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ലെന്നും ഇ.പി.ജയരാജൻ പ്രതികരിച്ചു.