തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം ദുർബലമായി ന്യുനമർദ്ദമായി തീർന്നു. എന്നാല്‍, വടക്കു കിഴക്കൻ വിദർഭക്കും സമീപ പ്രദേശത്തിനും മുകളിൽ മറ്റൊരു ന്യുനമർദ്ദം നിലനിൽക്കുന്നുണ്ട്.
മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്ന് വടക്കോട്ട് മാറിയിട്ടുണ്ട്. ഇതിന്റെ ഫലമായി അടുത്ത അഞ്ച് ദിവസം കേരളത്തിൽ വ്യാപകമായ സാധാരണ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. കേരളത്തിൽ ജൂലൈ 18 മുതൽ 22 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
വിവിധ ദിവസങ്ങളിലെ യെല്ലോ അലേര്‍ട്ടുകള്‍
18-07-2022: കണ്ണൂർ, കാസറഗോഡ്
19-07-2022: മലപ്പുറം, കണ്ണൂർ, കാസറഗോഡ്
20-07-2022: പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസറഗോഡ്
21-07-2022: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം
22-07-2022: ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം
എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.