തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ വിമാനക്കമ്പനിയുടെ നടപടി പ്രതിഷേധാർഹമെന്ന് സിപിഎം. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടയാൻ ശ്രമിച്ചയാളാണ് ജയരാജൻ. വസ്തുതകൾ പൂർണമായും പരിശോധിക്കാതെ കൈക്കൊണ്ട തീരുമാനം പുനഃപരിശോധിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തിലാണ് ഇ.പി.ജയരാജനു മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഇൻഡിഗോ ഏർപ്പെടുത്തിയത്. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചത്തെ യാത്രാവിലക്കും ഇന്‍ഡിഗോ ഏര്‍പ്പെടുത്തി.
ജൂണ്‍ 12നു മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ഇന്‍ഡിഗോ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോൾ ഉണ്ടായ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വലിയതുറ പൊലീസ് വധശ്രമം ഉള്‍പ്പെടെ വകുപ്പുകളിലാണു കേസ് എടുത്തത്. തലശ്ശേരി സ്വദേശി ഫര്‍സീന്‍ മജീദ്, പട്ടന്നൂര്‍ സ്വദേശി ആര്‍.കെ.നവീന്‍ കുമാർ എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍.