തിരുവനന്തപുരം: നീറ്റ് പരീക്ഷാ കേന്ദ്രത്തിൽ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച അധികൃതർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ. കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച അധികൃതരുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് കെ അനുശ്രീ,സംസ്ഥാന സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.
കൊല്ലം ആയൂര്‍ മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജിയിലെ പരീക്ഷാ കേന്ദ്രത്തിലാണ് നൂറോളം വരുന്ന വിദ്യാർത്ഥിനികൾ കടുത്ത മനുഷ്യാവകാശ ലംഘനത്തിനാണ് ഇരകളായിരിക്കുന്നത്. പരീക്ഷയുടെ സുരക്ഷാ കാരണങ്ങൾ ഉയർത്തിക്കാട്ടി നീറ്റ് പരീക്ഷാ കേന്ദ്രങ്ങളിൽ വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന പീഡനത്തെക്കുറിച്ചുള്ള വാർത്തകൾ മുൻ വർഷങ്ങളിലും ഉയർന്നു വന്നിട്ടുണ്ട്. എന്നാൽ നീറ്റ് പരീക്ഷ സംഘടിപ്പിക്കുന്ന അധികൃതർ തിരുത്തലുകൾക്ക് തയ്യാറാവുന്നില്ല എന്നാണ് കൊല്ലത്തെ സംഭവം സൂചിപ്പിക്കുന്നതെന്ന് എസ്എഫ്ഐ ഭാരവാഹികള്‍ ആരോപിച്ചു.
ഇത്തരം വിദ്യാർത്ഥിവിരുദ്ധ സമീപനങ്ങളുമായി മുന്നോട്ട് പോകുന്ന അധികൃതർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തയ്യാറാവണം. വിദ്യാർത്ഥി വിരുദ്ധതയുടെ അപ്പോസ്‌തലൻമാരായി വിലസുന്ന നീറ്റ് അധികൃതർക്കെതിരെ വലിയ വിദ്യാർത്ഥി പ്രതിഷേധം ഉയർത്തിക്കൊണ്ടുവരുമെന്നും എസ്എഫ്ഐ വ്യക്തമാക്കി.
സംഭവത്തില്‍ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും യുവജന കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. കൊല്ലം ആയൂരിലെ കോളേജിൽ പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രമാണ് ഉദ്യോഗസ്ഥര്‍ അഴിച്ചു പരിശോധിച്ചതായി പരാതിയിൽ പറയുന്നത്. വിഷയത്തിൽ ജില്ലാ പൊലീസ് മേധാവിയോടും കോളേജ് അധികൃതരോടും സമഗ്രമായ റിപ്പോർട്ട് അടിയന്തരമായി നൽകാൻ യുവജന കമ്മീഷൻ ആവശ്യപ്പെട്ടു. പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തിൽ കേന്ദ്ര സർക്കാരിനെ പ്രതിഷേധം അറിയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവും പ്രതികരിച്ചു. നിരുത്തരവാദപരമായ നടപടിയാണ് ഉണ്ടായതെന്നും മന്ത്രി വിമർശിച്ചു.